കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റ്‌ വികസ്വരരാജ്യങ്ങളെ സഹായിക്കും; മഹാമാരിയെ പ്രതിരോധിക്കാൻ ആഗോള ഐക്യം ആവശ്യമാണെന്ന് പ്രധാനമന്ത്രി

Sunday 13 June 2021 12:31 PM IST

ന്യൂഡൽഹി: രാജ്യത്തിന്‍റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമുള്ള കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ വൈദഗ്ദ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. കൊവിഡ് ബാധിതരുടെ സമ്പര്‍ക്കം കണ്ടെത്താനും വാക്‌സിന്‍ വിതരണത്തിന്‍റെ ഏകോപനത്തിനും ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും മോദി എടുത്തുപറഞ്ഞു.

കൊവിഡിന്‍റെ രണ്ടാം തരംഗവേളയില്‍ ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് ജി-7 ഉച്ചകോടിയിൽ നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മഹാമാരിക്കെതിരായ കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്‌തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാന്‍ വിതരണശൃംഖലകള്‍ എപ്പോഴും തുറന്നു വയ്‌ക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങള്‍ സ്വീകരിച്ചതിലും വിപുലമായ പിന്തുണ ലഭിച്ചതിലും പ്രധാനമന്ത്രി നന്ദിയറിയിച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാന്‍ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണ്. ഈ വിഷയത്തില്‍ ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് നരേന്ദ്രമോദി ഊന്നിപ്പറഞ്ഞു.