പിതാവ് ഗുരുതരാവസ്ഥയിൽ, അസ്വസ്ഥനായ മകൻ ഐ സി യുവിൽ കയറി ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചു
Sunday 13 June 2021 12:42 PM IST
ബംഗളൂരു: ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിൽ അസ്വസ്ഥനായ മകൻ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ചു.ബംഗളൂരു ബന്നർഘട്ട റോഡിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രി നൽകിയ പരാതിയിൽ ബംഗളൂരു സ്വദേശിയായ ജഗദീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജഗദീഷിന്റെ പിതാവിന് നേരെത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. നിലവിൽ നോൺ കൊവിഡ് ഐസിയുവിലാണ് ഉള്ളത്.
വിവരമറിഞ്ഞ് അസ്വസ്ഥനായ ജഗദീഷ് ഐസിയുവിലേക്ക് അതിക്രമിച്ചു കയറുകയും, കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഡോക്ടറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ആക്രമണം നടത്തുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന നഴ്‌സിനെയും ഇയാൾ ആക്രമിച്ചു. പിതാവിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള മനോവിഷമം മൂലം ചെയ്തുപോയെന്നാണ് പ്രതി പറയുന്നത്.