എം ടി രമേശ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായേക്കും; വിവാദങ്ങൾക്ക് പിന്നാലെ സുരേന്ദ്രനെ മാറ്റാൻ ആലോചിച്ച് ദേശീയനേതൃത്വം

Sunday 13 June 2021 2:30 PM IST

ന്യൂഡൽഹി: കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചന നടത്തുന്നതായി സൂചന. പുതിയ അദ്ധ്യക്ഷനായി എം ടി രമേശ് വന്നേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയവും കുടകര കുഴല്‍പ്പണ കേസും കോഴ ആരോപണങ്ങളും സംസ്ഥാനത്ത് ബി ജെ പിയെ ഇരുട്ടിലാക്കിയതിന് പിന്നാലെയാണ് നേതൃമാറ്റം കേന്ദ്രനേതൃത്വം സജീവമായി പരിഗണിക്കുന്നത്.

ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് അദ്ദേഹത്തിന്‍റെ ഭാഗം കേന്ദ്രനേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചില്ലെന്നാണ് വിവരം. അദ്ധ്യക്ഷസ്ഥാനത്ത് സുരേന്ദ്രൻ തത്ക്കാലം തുടരട്ടെ എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിനെതിരെ പാർട്ടിയിലെ വിമതപക്ഷം സ്വീകരിക്കുന്ന നിലപാട് കേന്ദ്രനേതൃത്വത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്.

എം ടി രമേശിന്‍റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സമിതി യോഗം പല സൂചനകളും നൽകുന്നതായാണ് ബി ജെ പി വൃത്തങ്ങൾ പറയുന്നത്. കെ സുരേന്ദ്രൻ ഉൾപ്പടെയുളളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.