രാജസ്ഥാനിൽ വീണ്ടും ഫോൺ ചോർത്തൽ വിവാദം

Monday 14 June 2021 12:00 AM IST

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സർക്കാരിനെ സമ്മർദ്ദത്തിലാക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം. ഫോൺ ചോർത്തുന്നതായി ചില എം.എൽ.എമാർ വെളിപ്പെടുത്തിയെന്ന് കോൺഗ്രസ് എം.എൽ.എയും സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. എം.എൽ.എമാരുടെ പേരുകൾ വെളിപ്പെടുത്താൻ സോളങ്കി തയ്യാറായില്ല.

വിവിധ ഏജൻസികൾ കുടുക്കുമെന്ന് എം.എൽ.എമാർക്ക് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഫോൺ ചോർത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യപ്പെടുന്നതായി ചില എം.എൽ.എമാർ എന്നോടു പറഞ്ഞു. ഇതിൽ, സംസ്ഥാന സർക്കാരിന് പങ്കുണ്ടോ എന്നും അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു - സോളങ്കി വ്യക്തമാക്കി.

ചില എം.എൽ.എമാർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. സച്ചിൻ പൈലറ്റിനോട് അടുത്തു നിൽക്കുന്നവരുടെ ഫോൺ കോളുകളാണോ ചോർത്തിയത് എന്ന ചോദ്യത്തിന് കോൺഗ്രസ് എം.എൽ.എമാരുടെ ഫോണുകളാണ് ചോർത്തിയത് എന്നായിരുന്നു മറുപടി.

കഴിഞ്ഞ വർഷം ജൂലായിൽ ഗെഹ്ലോട്ടിനെതിരെ വിമത നീക്കം ഉയർത്തി പൈലറ്റും മറ്റ് 18 എം.എൽ.എമാരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നായിരുന്നു വിമത നീക്കം ഉയർത്തിയവർ ഉന്നയിച്ച പ്രധാന ആരോപണം.

@ എം.എൽ.എമാരെ ഭീഷണിപ്പെടുത്തുവെന്ന് ബി.ജെ.പി

കോൺഗ്രസ് എം.എൽ.എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആരോപിച്ചു. എം.എൽ.എമാരുടെ പേരു വെളിപ്പെടുത്താൻ കോൺഗ്രസ് തയാറാകണം. സ്വന്തം എം.എൽ.എമാരെ കോൺഗ്രസ് ഭയപ്പെടുത്തുകയാണ് - പൂനിയ ട്വീറ്റ് ചെയ്തു.


.

Advertisement
Advertisement