മീനച്ചിലാറിനെ രക്ഷിക്കാൻ ആരുണ്ട് ?

Monday 14 June 2021 12:47 AM IST

ചെറിയൊരു മഴ പെയ്താൽ കോട്ടയം വെള്ളപ്പൊക്കത്തിന്റെ പിടിയിലാകുന്നു. മീനച്ചിലാർ നിരന്തരം കൈയേറി നശിപ്പിച്ചതാണ് വെള്ളമിറങ്ങാത്തതിന് കാരണമായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം എക്കലും മണ്ണും അടിഞ്ഞ മീനച്ചിലാർ ആഴം കൂട്ടിയാൽ വെള്ളപ്പൊക്കമുണ്ടാകില്ലെന്നാണ് എതിർ വാദം. വിശദമായ പദ്ധതി റിപ്പോർട്ടുമില്ലാതെ രണ്ടരക്കോടിരൂപയുടെ കരാർ നൽകി മീനച്ചിലാർ നിർമാണ ജോലികളും ജലസേചന വകുപ്പ് തുടങ്ങി. ഇതിനെതിരെ ഹരിത ട്രൈബ്ര്യൂണലിനെ പരിസ്ഥിതി സംഘടനകൾ സമീപിച്ചതോടെ സ്റ്റേ ആയെങ്കിലും ദുരന്തനിവാരണത്തിൽപ്പെടുത്തി പണി തുടർന്നത് കേരളകൗമുദി വാർത്തയെ തുടർന്ന് നിറുത്തിവച്ചു.

വെള്ളപ്പൊക്കത്തിന്റെ കാരണത്തിന് ശാസ്ത്രീയ പഠനം വേണമെന്ന് ആവശ്യപ്പെടുന്ന പരിസ്ഥിതി സംഘടനകൾ മീനച്ചിലറിലെ കൈയേറ്റം കണ്ടെത്താൻ ആറ് അളക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ആറ് മാസം മുമ്പ് ഇടതുസർക്കാർ ഇതിന് നിർദ്ദേശം നൽകിയെങ്കിലും അളന്നാൽ പലരും കൈയേറി കൃഷി ഭൂമിയാക്കിയ സ്ഥലങ്ങളും, വീടുകളും വരെ പൊളിക്കേണ്ടി വരുമെന്നതിനാലാകാം ഉന്നത സമ്മർദ്ദത്താൽ ഇത് നടന്നിട്ടില്ല. ഈരാറ്റുപേട്ടയിൽ വെള്ളം പൊങ്ങിയാൽ കിഴക്കൻ വെള്ളം പടിഞ്ഞാറ് താഴത്തങ്ങാടിയിലെത്താൻ മണിക്കൂർ മാത്രമെടുത്തിരുന്നത് ദിവസങ്ങൾ എടുക്കുന്ന സ്ഥിതി വന്നത് വെള്ളത്തിന് പരന്നൊഴുകാൻ സൗകര്യം ഇല്ലാതാക്കി പലയിടത്തും തടസം സൃഷ്ടിച്ചതാണ്. ഈ തടസങ്ങൾ മാറ്റിയാലേ വെള്ളം മീനച്ചിലാറ്റിൽ നിന്ന് വേമ്പനാട്ടുകായലിലും പിന്നെ കടലിലുമെത്തൂ. ഒഴുക്ക് തടസപ്പെട്ടതിനാൽ ഈ പ്രക്രിയ നടക്കുന്നില്ല. ഇതിന് കാരണം കണ്ടെത്താൻ വിദഗ്ദ്ധ പഠനം വേണം.

മീനച്ചിലാറിൽ ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള ഭാഗം മണൽ വാരി മാറ്റി ആഴം കൂടിയ അവസ്ഥയിലാണ്. കിടങ്ങൂർ മുതൽ കാഞ്ഞിരംവരെയും നദിയുടെ അടിത്തട്ടിന് ആഴം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. വളവുകളിൽ എക്കൽ അടിഞ്ഞിട്ടുണ്ടെങ്കിൽ കോരി മാറ്റാം. ആറിന്റെ അടിത്തട്ട് ആഴം കൂട്ടി തീരത്തെ വൃക്ഷങ്ങൾ പിഴുതുമാറ്റി കയർഭൂവസ്ത്രം അണിയിക്കാനുള്ള ജലസേചന വകുപ്പ് പദ്ധതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പരിസ്ഥിതി സംഘടനകൾ. ആറിന്റെ അടിത്തട്ട് മാന്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. വർഷക്കാലത്ത് കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറ്റിൽ ചെരിഞ്ഞു കിടക്കുന്ന കമ്പുകളാണ് ഒഴുക്കിന് തടസം. വെള്ളപ്പൊക്കം തടയാൻ വേണ്ടത് പ്രായോഗിക നിർദ്ദേശങ്ങളാണ്. പരിസ്ഥിതി വാദികളെ വികസന വിരോധികളാക്കി ചിത്രീകരിക്കുകയല്ല വേണ്ടത്. നമ്മുടെ ലക്ഷ്യം പ്രളയരഹിത കോട്ടയമെന്നാകണം.

Advertisement
Advertisement