പ്രളയഫണ്ട് തട്ടിപ്പിനെ തുടർന്ന് ജനങ്ങൾക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; വിമർശനവുമായി എസ് ഡി പി എ

Sunday 13 June 2021 8:03 PM IST

പ്രളയഫണ്ട് തിരിമറി വിവാദത്തെ തുടർന്ന് ജനങ്ങൾക്ക് മുസ്ലിം ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിമർശിച്ച് എസ് ഡി പി ഐ. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കള്‍ വകമാറ്റിയെന്ന വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും എസ് ഡി പി ഐ പറയുന്നു.

വിവാദത്തിന് പിന്നാലെ ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തുന്നു. 11 ലക്ഷം രൂപയിൽ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കള്‍ സ്വന്തം ബന്ധുക്കൾക്കാണ് നൽകിയതെന്ന ആരോപണത്തിന് ലീഗ് മറുപടി നൽകേണ്ടതുണ്ടെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.

മുമ്പ് കത്വ പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനായി സമാഹരിച്ച തുകയില്‍ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ വിവാദത്തിനു പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെയാണ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് എസ് ഡി പി ഐ. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്.