'അയാളുടെ കലാസൃഷ്ടികൾക്ക് എന്ത് ആത്മാർത്ഥയാണ് ഉണ്ടായിരുന്നത്'; റാപ്പർ വേടനെതിരെ സോഷ്യൽ മീഡിയ
ലൈംഗിക പീഡനാരോപണം നേരിടുന്ന 'പൊളിറ്റിക്കൽ റാപ്പർ' ഹിരൺദാസ് മുരളിക്കെതിരെ(വേടൻ) വിമർശനവുമായി സോഷ്യൽ മീഡിയ. ആരോപണം നേരിട്ടതിന് പിന്നാലെ നിൽക്കക്കളിയില്ലാതെ വന്നപ്പോൾ മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അങ്ങനെയാണെങ്കിൽ നാട്ടിലെ നിയമസംവിധാനത്തിന് എന്ത് അർത്ഥമാണുള്ളതെന്നുമാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
ലൈംഗിക പീഡനാരോപണം നേരിട്ടതിനു പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി മാപ്പപേക്ഷയുമായി റാപ്പർ എത്തിയതിനെയാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്തത്. ആരോപണത്തെ തുടർന്ന് ഹിരൺദാസ് കൂടി ഭാഗമാകുന്ന മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന ഗാനവീഡിയോയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
തന്റെ ഗാനങ്ങളിലൂടെ തുല്യനീതിയെക്കുറിച്ച് സംസാരിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാകാൻ ശ്രമിക്കുന്ന ഹിരൺദാസ് ഇത്തരത്തിലൊരു കുറ്റകൃത്യത്തിന്റെ ഭാഗമാക്കുമ്പോൾ അദ്ദേഹം ഇന്നുവരെ ചെയ്ത എല്ലാ കലാപ്രവർത്തനങ്ങളും റദ്ദ് ചെയ്യപ്പെടുകയാണെന്നും സോഷ്യൽ മീഡിയ ചൂണ്ടികാട്ടുന്നു.
അടുത്തിടെ പോക്സോ കേസിൽ അറസ്റ്റിലായ ടിക് ടോക് താരം വിഘ്‌നേശ് കൃഷ്ണയുമായി (അമ്പിളി) ചിലർ ഹിരൺദാസിനെ താരതമ്യം ചെയ്യുന്നുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്.
content details: social media against rapper vedan in sexual abuse issue.