ചൈനയിൽ വവ്വാലുകളിൽ പുതിയ കൊവിഡ് വൈറസ് കണ്ടെത്തി

Monday 14 June 2021 12:00 AM IST

അപകടകാരിയെന്ന് മുന്നറിയിപ്പ്

ബീജിങ്: കൊവിഡിന്റെ ഉറവിടത്തെ പറ്റി പഠനങ്ങൾ നടന്നു കൊണ്ടിരിക്കെ വവ്വാലുകളിൽ പുതിയ കൊവിഡ് വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. കൊവിഡ് പരത്തുന്ന വൈറസുകളോട് ജനിതകമായി വളരെയേറെ സാമ്യമുള്ള റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വൈറസുകളും വവ്വാലുകളിൽ കണ്ടെത്തിയ കൊവിഡ് വൈറസ് കൂട്ടത്തിലുണ്ടെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാൻലാബാണെന്ന അമേരിക്കയുടെ വാദം ലോകരാജ്യങ്ങൾ അംഗീകരിക്കാനിടയുണ്ടെന്ന സാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് ചൈനയുടെ പുതിയ അവകാശ വാദം.

ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ മെയ് 2019 മുതൽ നവംബർ 2020വരെ നടത്തിയ പഠന റിപ്പോർട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത്.

തെക്ക് പടിഞ്ഞാറൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ വന മേഖലകളിൽ നിന്നുള്ള വവ്വാലുകളെയാണ് പഠന വിധേയമാക്കിയത്. വിവിധ വിഭാഗത്തിൽപെട്ട വവ്വാലുകളിൽ നിന്ന് കൊവിഡുമായി ജനിതകമായി ഏറ്റവുമടുത്ത് നിൽക്കുന്ന വകഭേദമാണ് പ്രധാനമായും കണ്ടെത്തിയത്. പുതിയതായി തിരിച്ചറിഞ്ഞ കൊവിഡ് വൈറസ് ബാച്ചിൽ ചിലത് വവ്വാലുകൾ വഴി മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയേറെയാണെന്നും ഗവേഷകർ മുന്നറിയിപ്പ് നല്കുന്നു. പഠനത്തിന് വിധേയമാക്കിയ വിവിധ വവ്വാലുകളിൽ നിന്ന് നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചപ്പോൾ സാർസ് കോവ് 2വിന് സമാനമായ നാല് കൊവിഡ് വൈറസുകൾ അടങ്ങിയിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

വൈറസ് ഉത്ഭവം: അമേരിക്കയുടെ വാദം അസംബന്ധമെന്ന് ചൈന

കൊവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കൊവിഡ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്ന അമേരിക്കൻ വാദം

അസംബന്ധ മാണെന്ന് ചൈന. കൊവിഡ് വിഷയത്തിൽ ചൈനയെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്ക അസത്യകഥകൾ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് നയതന്ത്രജ്ഞൻ യാങ് ജിയേച്ചി വ്യക്തമാക്കി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവാണ് ജിയേച്ചി. കൊവിഡ് വൈസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിന് ചൈനയുടെ ഭാഗത്ത് നിന്ന് സുതാര്യമായ നിലപാടുകളും സഹകരണവും ആവശ്യമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ചൈന രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കൊവിഡിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും പരസ്പര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യാങ് ജിയേച്ചി അമേരിക്കയോട് ആവശ്യപ്പെട്ടു.

Advertisement
Advertisement