തമിഴ്നാട് തീരത്ത് ജാഗ്രതാ നിർദ്ദേശം

Monday 14 June 2021 1:11 AM IST

ചെന്നൈ: ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾക്ക് വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിർദ്ദേശം.കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിനും കൈമാറിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ചിലരെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതിലൊന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളിൽ എത്തുന്നതെന്നാണ് കരുതുന്നത്