എല്ലായിടത്തും കൊവിഡ് ചികിത്സ, കണ്ണാശുപത്രിയിലും പ്രതിസന്ധി

Monday 14 June 2021 1:17 AM IST

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയെ മാത്രം ആശ്രയിച്ചുള്ള കൊവിഡ് ചികിത്സയുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മുന്നോട്ടുപോകുന്നതിനിടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജിയിലെ (കണ്ണാശുപത്രി ) ചികിത്സയും പി.ജി വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിൽ.

തലസ്ഥാനത്തെ സുപ്രധാന നേത്രചികിത്സാ കേന്ദ്രമായ കണ്ണാശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് 200 കിടക്കകളുള്ള രണ്ടാംതല കൊവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഇവിടുത്തെ ഡോക്ടർമാരുടെയും പി.ജി വിദ്യാർത്ഥികളുടെയും ശ്രദ്ധ കൊവിഡിൽ മാത്രമാകും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സ മാത്രമായതോടെ വിവിധ സ്‌പെഷ്യാലിറ്റി ഒ.പികൾ ഉൾപ്പെടെ സ്‌തംഭിച്ച വാർത്ത കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒഴിച്ചുകൂടാനാകാത്ത ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്.

കണ്ണാശുപത്രിയിലും സമാനമായ സാഹചര്യത്തിനാണ് വഴിയൊരുങ്ങുന്നത്. പി.ജി വിദ്യാർത്ഥികളുടെ അവസ്ഥയാണ് ദയനീയം. എം.ബി.ബി.എസ് കഴിഞ്ഞ് കണ്ണാശുപത്രിയിലെത്തുന്ന 30 പേരാണ് വർഷംതോറും നേത്രചികിത്സയിൽ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങുന്നത്. നേത്രരോഗികളുടെ എണ്ണം കുറയുകയും ശസ്ത്രക്രിയകൾ നിലയ്ക്കുകയും ചെയ്യുന്നതോടെ ഇവർക്ക് കൊവിഡ് രോഗികളെ മാത്രം പരിചരിച്ച് പഠനം പൂർത്തിയാക്കേണ്ട അവസ്ഥയാണ്. പഠിച്ചിറങ്ങുന്നവരാകട്ടെ എം.ഡി ഒഫ്‌താൽമോളജി ബോർഡും സ്ഥാപിച്ച് ചികിത്സ തുടങ്ങും. കൊവിഡ് കാലത്ത് മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങുന്നവർക്ക് രോഗികളെ ചികിത്സിക്കാനുള്ള മനോബലം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

പ്രത്യേക സംവിധാനത്തിന് മടിയെന്തിന്?

ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ജില്ലാ, താലൂക്ക് ആശുപത്രികൾ ശക്തിപ്പെടുത്തിയും കൊവിഡ് ചികിത്സ ശക്തമാക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മെഡിക്കൽ കോളേജുകളിൽ ഇതര ചികിത്സയും ശസ്ത്രക്രിയയും സാധാരണനിലയിൽ നടന്നാൽ രോഗികൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമാകും. ജനറൽ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമെത്തേണ്ട മറ്റു രോഗികൾക്കും മെഡിക്കൽ കോളേജിനെ 24 മണിക്കൂറും ആശ്രയിക്കാനുമാകും.

'സാധാരണക്കാരായ രോഗികളുടെ ജീവനും പി.ജി വിദ്യാർത്ഥികളുടെ ജീവിതവും കൊവിഡിന്റെ പേരിൽ നശിപ്പിക്കരുത്. രോഗികൾക്ക് ചികിത്സ ലഭ്യമാക്കാതെ ദുരിതത്തിലാക്കുകയും അറിവില്ലാത്ത ഡോക്ടർമാരെ സൃഷ്ടിക്കുകയും ചെയ്യരുത് '

-ഡോ. നവീൻ,​ സെക്രട്ടറി,

പി.ജി അസോസിയേഷൻ

ഗവ. മെഡിക്കൽ കോളേജ്

Advertisement
Advertisement