ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ

Monday 14 June 2021 2:32 AM IST

ഇസ്ലാമാബാദ് : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കശനമാക്കി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. പാകിസ്ഥാനിലെ നാഷണൽ കമാന്റ് ആന്റ്ഓപ്പറേഷൻ സെന്ററാണ് 26 രാജ്യങ്ങളെസി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതായിഅറിയിച്ചത്. യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന രാജ്യങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ഈരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ എ,ബി,സി എന്നീ കാറ്റഗറികളിലാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് കൊവിഡ് പരിശോധന നടത്താതെ പാകിസ്ഥാനിൽ പ്രവേശിക്കാം. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലുള്ളവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്. ഇന്ത്യയെ കൂടാതെ ഇറാൻ, ബംഗ്ലാദേശ്, ബ്രസീൽ, ശ്രീലങ്ക, നേപ്പാൾ, പെറു, അർജന്റീന, ഇന്തൊനേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളെ പാകിസ്ഥാൻ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു.