കഥ/ മരണത്തിന്റെ ഉടുപ്പ്
''അല്ലാ ലോനപ്പേട്ടനെന്താ ഇവിടെ?""
പുസ്തക ട്രാക്കുകൾ
ക്കിടയിൽ മണം പിടിച്ചു നടന്ന ലോനപ്പൻ മറുപടി പറഞ്ഞില്ല. ധർമപുരാണവും യന്ത്രവും കാലവും മഞ്ഞും സ്വർണനിറത്തിൽ തിളങ്ങുന്നു. വാലും ചെകിളയും ഇളക്കി നീന്തിത്തുടിയ്ക്കുന്ന ചെറുമത്സ്യത്തെ പോലെ കഥയ്ക്കും കവിതയ്ക്കും ആത്മകഥയ്ക്കും ഇടയിലൂടെ അദ്ദേഹം നീന്തി നടക്കുകയാണ്. വെള്ളിവരകൾ പോലെ നേർത്ത പ്രകാശം ലോനപ്പനിൽ നിന്നും വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുള്ളിക്കാരൻ നഗ്നനാണെന്ന് സന്ദീപിന് മനസിലായത്.
''ലോനപ്പേട്ടാ...""
അദ്ഭുതം നിറഞ്ഞ ശബ്ദത്തോടെ സന്ദീപ് വീണ്ടും വിളിച്ചു.
നീയുമെത്തിയോ എന്ന് ചോദിച്ചു സന്ദീപിന്റെ അടുത്തേക്ക് ലോനപ്പൻ നീന്തിയെത്തി. വെള്ളത്തിലല്ലാതെ ആദ്യമായിട്ടാണ് ഒരാൾ നീന്തുന്നത് കാണുന്നത്.
''ഇത് മരിച്ചവരുടെ ലോകമാണ് കുഞ്ഞേ...""
കേൾക്കുന്ന ശബ്ദത്തിനു വലിയ മുഴക്കം. മരിച്ചുകഴിഞ്ഞു, ആദ്യ നൂറു ദിവസത്തിനുള്ളിൽ നമുക്ക് ഇഷ്ടമുള്ള സ്ഥലത്തു ഇങ്ങനെ ഒഴുകി നടക്കാം.
''അപ്പോൾ ലോനപ്പേട്ടന് ഏറ്റവും ഇഷ്ടമുള്ള സ്ഥലം നമ്മുടെ ഈ വായന ശാല ആയിരുന്നോ?""
സന്ദീപ് തിരിച്ചു ചോദിച്ചപ്പോൾ എന്താ സംശയം എന്ന് ചോദിക്കുന്ന പോലെ കഴുത്തു ഒരു ഭാഗത്തേക്ക് തിരിച്ചു കൺപുരികങ്ങൾ ഉയർത്തി.
വായനശാലയുടെ അടുത്ത്, ഈ പുസ്തകങ്ങളുടെ മണം ശ്വസിച്ചു ഇരിക്കാൻ വേണ്ടിയായിരുന്നു തെങ്ങുകയറ്റം കഴിഞ്ഞു തേങ്ങ ഈ മുറ്റത്തു കൂട്ടിയിടാൻ പറഞ്ഞത്. അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു തെങ്ങുകയറ്റ തൊഴിലാളി പുസ്തകങ്ങളെ ഇത്രയും സ്നേഹിച്ചിരുന്നോ എന്ന് ആർക്കും സംശയം തോന്നാം. പുസ്തകചർച്ചകളും വിലയിരുത്തലുമെല്ലാം പുറത്തിരുന്നു കേൾക്കുകയായിരുന്നു. അങ്ങനെ മരിച്ചു കഴിഞ്ഞു രണ്ടാമത് എത്തിയത് ഈ വായന ശാലയിലേക്കാണ്.
വായനശാല സ്ഥാപിച്ചത് സഹകരണ സംഘം പ്രസിഡന്റ് ആണെന്ന് പറയുന്നത് നുണയാണ്. വടക്കേ പുല്ലമ്പറമ്പിൽ കുതിരപ്പട്ടാളമായിരുന്നു. പട്ടാളത്തിൽ നിന്നും അവധിക്ക് വരുമ്പോൾ ബാലകൃഷ്ണപിള്ള വലിയ പെട്ടി നിറയെ പുസ്തകങ്ങൾ ആയിരുന്നു കൊണ്ടുവന്നിരുന്നത്. ഡൽഹിയിലെ ദരിയാഗഞ്ചിൽ നിന്ന് വാങ്ങുന്ന സെക്കൻഡ് ഹാൻഡ് ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരുന്നു കൂടുതലും ഉണ്ടായിരുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ കറുത്ത അംബാസഡറിന്റെ മുകളിൽ ഇരിക്കുന്ന മിക്കപെട്ടികളിലുംപുസ്തകങ്ങൾ ആയിരുന്നു. കുട്ടിക്കാലം മുതൽക്കേ പിള്ള വലിയ വായനക്കാരനായിരുന്നു. പട്ടാളത്തിൽ കുതിരയെ ഓടിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ നാട്ടിൽ കുതിരപ്പട്ടാളം എന്ന പേരുവീണു. പിള്ളയുടെ മൂന്നാം തലമുറയ്ക്കും കുതിരയെന്ന പേര് നാട്ടുകാർ കൈമാറി. നാട്ടിലെത്തിയാൽ കൈയിൽ കാശ് തീരുന്നത് വരെ ഓടിനടന്നു പിള്ള മലയാള പുസ്തകങ്ങൾ വാങ്ങിക്കൂട്ടും. അഞ്ഞൂറ് പുസ്തകങ്ങൾ ആയപ്പോൾ സഹകരണ സംഘത്തിലെത്തി,റേഷൻ കടയോട് ചേർന്നുള്ള ചെറിയ മുറി സംഘടിപ്പിച്ചു. അങ്ങനെയാണ് സഹകരണ സംഘം വായനശാല ഉണ്ടായത്. എല്ലാകാര്യങ്ങളിലെ പോലെ തുടങ്ങിവച്ചവരെ മറക്കുകയും വിജയിക്കുമ്പോൾ അവകാശികൾ ഏറുകയും ചെയ്യുമല്ലോ. വിജയം പരാജയത്തെ പോലെ അനാഥകുട്ടിയല്ലല്ലോ!
സാക്ഷരതാപ്രസ്ഥാനം നാടാകെ പടർന്നപ്പോൾ കുതിരപട്ടാളത്തിന്റെ മൂന്ന് പെണ്മക്കൾ രാപകലില്ലാതെ പ്രായമായവരെ പഠിപ്പിക്കാൻ ഇറങ്ങി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വീടിന്റെ അരപ്രൈസിൽ മണ്ണ് വാരിയിട്ട് ആ മണ്ണിൽ കയർത്തൊഴിലാളികളെ അവർ പഠിപ്പിച്ചു. അന്ന് ലോനപ്പന് പഠിക്കാൻ തോന്നിയില്ല. പിന്നീട് എപ്പോഴോ വായനശാലയിൽ നിന്നുള്ള ചർച്ചകൾ ഉയർന്നപ്പോൾ പുസ്തകങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. ഓടയിൽ നിന്ന്, കയർ,പാവങ്ങൾ എന്നിവ മാത്രമല്ല ചർച്ചയിൽ ഉയരുന്ന ഇംഗ്ലീഷ് വാക്ക് പോലും പഠിച്ചു തുടങ്ങി. മൂന്നര പതിറ്റാണ്ട് മുൻപേ കാതിൽ വീണ ഫ്രീ മണ്ടേല എന്ന മുദ്രാവാക്യം ഇന്നും മനസിലുണ്ട്. വായനശാലയുടെ ചുവരിൽ ഫ്രീ മണ്ടേല എഴുതിയ ശേഷം മാധവൻ മാഷ് മണ്ടേലയെക്കുറിച്ചു ചെറിയ പ്രസംഗം നടത്തി. റേഷനരിയ്ക്ക് വേണ്ടി വരി നിന്ന ചെല്ലയ്ക്ക് മണ്ടേലയെ കൂടെപ്പിറപ്പായി തോന്നിച്ചത് ആ പ്രസംഗം കേട്ടപ്പോഴാണ്. അന്ന് മുതൽ സന്ധ്യനാമം ഉച്ചത്തിൽ ചെല്ലുമ്പോൾ പഴനിമുരുകനോട് ചെല്ലയുടെ പ്രധാന ആവശ്യം മണ്ടേലയെ എങ്ങനെയെങ്കിലും ജയിലിൽ നിന്നിറക്കണം എന്നതായിരുന്നു. മണ്ടേല ജയിൽ മോചിതനായപ്പോൾ വായനശാലയിൽ പായസം വച്ച് നൽകി.
കഴിഞ്ഞ ശനിയാഴ്ച മരിച്ചു കഴിഞ്ഞു കുറേ നേരം വീട്ടിൽ ചുറ്റിപ്പറ്റി നിന്നു. ചിലരുടെ സങ്കടം കണ്ടപ്പോൾ ചിരിയാണ് തോന്നിയത്. ഇഷ്ടമുള്ള സ്ഥലം തിരക്കി പിറ്റേദിവസം പോയത് കുതിരപ്പട്ടാളം വഴി പറഞ്ഞറിവ് മാത്രമുള്ള ഡൽഹിയിലെ ദരിയാഗഞ്ചിലേക്കായിരുന്നു. ഞായറാഴ്ച ദിവസം തെരുവ് പുസ്തകങ്ങൾക്ക് മാത്രമുള്ള ദിവസമാണ്. കുറഞ്ഞ തുകയ്ക്ക് പുസ്തകങ്ങൾ ഞായറാഴ്ച ബുക്ക് ബസാറിൽ നിന്നു വാങ്ങാം.ദില്ലിഗേറ്റും കടന്നു പഴയ ഡൽഹിയിലെ പഴയ പുസ്തകങ്ങൾക്കിടയിലൂടെ മുഗൾസാമ്രാജ്യത്തിന്റെ ഓർമ നിലനിൽക്കുന്ന വഴികളിലൂടെ കുറേനേരം ചുറ്റിയടിച്ച ശേഷമാണ് ഈ വായനശാലയിലേക്ക് എത്തിയത്.
''അങ്ങനെയാണെങ്കിൽ കേശവൻ മാഷും ആദ്യം എത്തിയത് വായന ശാലയിലേക്കായിരിക്കും.""
സന്ദീപ് ഓർത്തു.
''അല്ല... റേഷൻ കടയിലേക്കായിരുന്നു.""
ലോനപ്പൻ തിരുത്തി. മരിച്ചു കഴിഞ്ഞാൽ പുറമെ പറയുന്നതും മനസിൽ ഓർക്കുന്നതും എല്ലാം എല്ലാവർക്കും കേൾക്കാം. ഒന്ന് മനസിൽ ഓർത്തു മറ്റൊന്ന് പുറമേ പറയുന്ന പണി ജീവിച്ചിരിക്കുമ്പോൾ മാത്രമേ നടക്കൂ. ലോനപ്പൻ താക്കീത് നൽകി.
കേശവൻ ലൈബ്രെറിയൻ ആയിരുന്നത് ശരി. നിങ്ങൾ ലൈബ്രറി നടത്തിപ്പുകാർ നൽകിയിരുന്ന തുക കൊണ്ട് അദ്ദേഹത്തിന് ജീവിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല. അസുഖക്കാരനായ കുട്ടിയുടെ മരുന്നും വീട്ടുചെലവും വർദ്ധിച്ചു വന്നപ്പോൾ പലപ്പോഴും ഒന്നിനും ശമ്പളം തികഞ്ഞിരുന്നില്ല.
കള്ളക്കണക്ക് എഴുതി റേഷൻകടക്കാരൻ കൃഷ്ണൻ നായർ അരി വെട്ടിച്ചുമാറ്റുന്നതിന് ഏകസാക്ഷി അടുത്ത മുറിയായവായനശാലയിൽ രാത്രി വരെ ഇരിക്കുന്ന കേശവൻ ആയിരുന്നു. കള്ളം പുറത്തു പറയാതിരിക്കാൻ എല്ലാ ദിവസവും ഓരോ കിലോ അരി കേശവന് കൃഷ്ണൻ നായർ നൽകുമായിരുന്നു. ഇക്കാണുന്ന തടിക്കസേരയിൽ ഇരിക്കുമ്പോഴും കേശവൻ ആസ്വദിച്ചത് റേഷൻ അരിയുടെ മണമായിരുന്നു. ഒടുവിൽ വായനശാലയിലേക്കുള്ള വരവ് തന്നെ അരിവാങ്ങാനായി മാറി. രാത്രിക്കായി കാത്തിരുന്നു. മരിച്ച ഉടൻ ആദ്യം എത്തിയത് റേഷൻ കടയിലേക്കായിരുന്നു. മുപ്പത് വർഷം മുൻപ് വരെ മരിച്ചു കഴിഞ്ഞവരുടെ തിരക്കായിരുന്നു റേഷൻകടയിൽ. ജീവിക്കുമ്പോഴെന്ന പോലെ മരിച്ചുകഴിഞ്ഞും ഇപ്പോൾ തിരക്ക് മദ്യശാലകളിൽ ആകും എന്ന നിന്റെ ഓർമകളെ ഒരു വട്ടം കൂടി ഞാൻ തിരുത്തുന്നു. മലയാളികൾ എന്നും മറ്റുള്ളവരെ പോലെ ജീവിക്കാൻ നോക്കി നടക്കാത്ത നിരാശാബോധത്തിലാണ് മദ്യശാലകളുടെ ക്യൂവിൽ എത്തിയിരുന്നത്. അമ്പതു വയസുകഴിഞ്ഞു കടമില്ലാത്ത ഏതെങ്കിലും ഒരാളെ നിനക്ക് കാട്ടിത്തരാമോ ?
ഇതിനിടയിൽ ഒരു രസകരമായ കാര്യം പറയട്ടെ, ജിദ്ദു കൃഷ്ണമൂർത്തിയുടെയും ഓഷോയുടെയും പുസ്തകം വേണം എന്ന് നിരന്തരം വാദിക്കുകയും വാശിപിടിക്കുകയും ചെയ്തിരുന്ന ജയപ്രകാശ് മരിച്ചു ആദ്യം എത്തിയത് ലൈബ്രറിയിലേക്കായിരുന്നു. തടി അലമാരിയിൽ ഇരിക്കുന്ന പമ്മന്റെ പുസ്തകങ്ങൾ എടുത്തു തഴുകി കുറെ നേരം ഇവിടെ തന്നെ ഇരുന്നു.
പുറത്തേക്കു നോക്കൂ... രണ്ടുപേർ ഇരിക്കുന്നത് കണ്ടോ, അരവിന്ദന്റെ ഭാര്യ കനകയും മുഹമ്മദിന്റെ ഭാര്യ ബീവാത്തുവും. രണ്ടു പേരുടേയും ആഗ്രഹം നേരം വെളുക്കുന്നത് വരെ റോഡ് അരികെ കസേര ഇട്ട് ഇരുന്ന് വർത്തമാനം പറയണം എന്നായിരുന്നു. മരിക്കുന്നതിന് മുമ്പേ അരവിന്ദന്റെ അടിയുടെ എണ്ണം വരെ എഴുതിയ ആത്മഹത്യാകുറിപ്പ് കനക എഴുതി വച്ചിരുന്നു. ഭാര്യ രാത്രി പുറത്തു പോകുന്നുണ്ടോ എന്ന സംശയം വർദ്ധിച്ചതോടെ വാതിൽ ഉള്ളിൽ നിന്നും പൂട്ടി താക്കോൽ അടിവസ്ത്രത്തിനുള്ളിൽ വച്ചായിരുന്നു അരവിന്ദൻ കിടന്നിരുന്നത്. ഉറക്കമെഴുന്നേൽക്കുമ്പോൾ അടിവസ്ത്രത്തിൽ താക്കോലിന്റെ സ്ഥാനം മാറിയാൽ അടി ഉറപ്പ്. ഇതെല്ലം തുറന്നു എഴുതിയ രണ്ടു പേജ് വരുന്ന കത്ത് കണ്ടപ്പോൾ തന്നെ അരവിന്ദന്റെ പെങ്ങൾ ശാരദബ്ലൗസിൽ തിരുകി. ഈ കത്തിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി കായ് ഫലമുള്ള 25 സെന്റ് ഭൂമി അരവിന്ദനിൽ നിന്നും അവർ എഴുതി വാങ്ങി.
പർദ്ദ ഇടാൻ ബീവാത്തുവിന് സമ്മതമായിരുന്നില്ല . ഈ നാട്ടിൽ ഇതുവരെ ഇല്ലാത്ത ശീലം വേണ്ട എന്നായിരുന്നു ബീവാത്തുവിന്റെ വാശി.അവളെയും മുഹമ്മദ് പുറത്തിറക്കിയിരുന്നില്ല. പക്ഷേ അരവിന്ദനെ പോലെ ആയിരുന്നില്ല ആവോളം സ്നേഹം നൽകി.കാൻസർ ബാധിച്ച് മരിച്ച ബീവാത്തുവിനെ ഓർത്തു മുഹമ്മദ് ദിവസങ്ങളോളം കരഞ്ഞു. ഒടുവിൽ ആ വിഷമം കൊണ്ടുതന്നെ ചങ്കു പൊട്ടി ചത്തു. മരിച്ച ഉടൻ മുഹമ്മദ് പോയത് ദുബായ്ക്ക് ആയിരുന്നു ചെറുചിരിയോടെ ലോനപ്പൻ പറഞ്ഞു. ദുബായിൽ പോകാൻ കൊതിച്ച ആളായിരുന്നു മുഹമ്മദ്.ആദ്യം ഏജന്റ് കുറെ കാശ് വാങ്ങി പറ്റിച്ചു, പിന്നീട് ദുബൈയിലേക്ക് പോകുന്നതിന്റെ ആദ്യപടി ആയി ബോംബെ യിൽ കൊണ്ടുപോയി വീണ്ടും പറ്റിച്ചു. മുഹമ്മദിന്റെ വലിയ സ്വപ്നം ഗൾഫ് ആയിരുന്നു. വാർത്താ ചാനലുകളോട് ദേഷ്യമായിരുന്നുന്നെങ്കിലും ഗൾഫ് വാർത്തകൾ ഒന്നും അയാൾ മുടക്കിയിരുന്നില്ല.
മരണത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നയാൾ രമണൻ ആയിരുന്നു. സംസ്കാര കർമങ്ങൾക്കും സഞ്ചയനത്തിനും ചാവടിയന്തിരത്തിനെല്ലാം പുരോഹിതനായിരുന്ന അയാളുടെ വരുമാനം മരണമായിരുന്നു. ആളുകൾ മരിക്കാതെയാകുമ്പോൾ കാക്കി നിറത്തിലെ ഉടുപ്പ് അയാൾ ധരിക്കും. നേരത്തോട് നേരമാകുമ്പോൾ മരണകർമത്തിനായി ആളുകൾ രമണന്റെ വീട്ടിൽ എത്തിയിരിക്കും. കാലന്റെ ഉടുപ്പ് എന്ന് ഭാര്യ വിളിച്ചിരുന്ന ഈ ഉടുപ്പ് ധരിച്ചാണ് രമണനെ ഒടുവിൽ ചിതയിലേക്ക് എടുത്തത്. ഭാര്യ നിർബന്ധിച്ചാണ് മൃതദേഹത്തിൽ കാക്കി ഷർട്ട് ധരിപ്പിച്ചത്. ആ ഉടുപ്പിനോട് അവർക്ക് അത്രയ്ക്ക് ഭയമായിരുന്നു.
രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാതിരുന്ന കനകയും ബീവാത്തുവും നേരം വെളുക്കുന്നത് വരെ റോഡരുകിലും പുഴവക്കിലും കടപ്പുറത്തും പൊട്ടിച്ചിരിച്ചു കൈകൾ കോർത്തുപിടിച്ചു നടന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. ക്ളോക്കിലേക്കു നോക്കി ലോനപ്പേട്ടൻ പറഞ്ഞു.
''അഞ്ചു മണി ആകുന്നു. നിനക്ക് തിരിച്ചുപോകാൻ സമയമായി. കാരണം നീ മരിച്ചിട്ടില്ല .ആരോടെങ്കിലും പിണങ്ങി ഉറങ്ങാൻ കിടന്നാൽമരിച്ചതായി സ്വപ്നം കാണും. ഉണരും മുൻപേ മറക്കും. ഉണർന്നു കഴിഞ്ഞും ഓർക്കുന്നവരുടെ ഓർമ അധികം നീളില്ല.""
''നീ വേഗം മടങ്ങി പോകൂ.അടുക്കള തിരക്കിലും നിന്റെ കൂർക്കം വലി ഇല്ലാത്ത ഉറക്കം അവളെ വല്ലാതെ അസ്വസ്ഥതത പെടുത്തുന്നു.പോയി കൂർക്കം വലിച്ചു ഉറങ്ങൂ""....
പറഞ്ഞു അവസാനിപ്പിച്ചു ലോനപ്പേട്ടൻ കവിതയിലേക്ക് നീന്തി. കനകയും ബീവാത്തുവും എഴുന്നേറ്റു അടുത്ത യാത്രക്ക് തയ്യാറെടുക്കുന്നു.