പാകിസ്ഥാനിൽ ദുരിതം വിതച്ച് കാറ്റും പേമാരിയും; പത്തിലേറെ മരണം നിരവധി നാശനഷ്ടങ്ങൾ

Monday 14 June 2021 2:13 PM IST

ലഹോ‌ർ: കനത്ത മഴയിലും കാറ്റത്തും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേർ മരണമടഞ്ഞു. ഖൈബർ‌ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാൻ മേഖലയിൽ മൂന്ന് പേരും പഞ്ചാബിൽ രണ്ട് പേരും മരണമടഞ്ഞു.

ഖൈബർ‌ പഖ്തുംഖ്വാ പ്രദേശത്തെ ദുരന്ത നിവാരണ അതോറിറ്റി നൽകിയ വിവരം അനുസരിച്ച് മേഖലയിൽ അഞ്ച് പേർ മരണമടയുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ നാലു പേർ മൻസെഹ്റയിലും ഒരാൾ തൊർഗാർ പ്രദേശത്തു നിന്നുമുള്ളതാണ്.

അതേസമയം ബലൂചിസ്ഥാനിൽ ഒരു വനിത അടക്കം മൂന്ന് പേർ ഇടിമിന്നലേറ്റു മരിച്ചു. ശക്തമായ മഴയിൽ സമീപത്തെ നദികളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ബലൂചിസ്ഥാനിലെ ബർഖാൻ മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ആശയവിനിമയോപാധികളെല്ലാം തകർന്ന ഇവിടെയുള്ള ജനങ്ങൾക്ക് പുറം ലേകവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ എല്ലാം തകർന്ന അവസ്ഥയിലാണ്. ഫൈസലാബാദിലെ ഫാക്ടറിയുടെ തകർന്ന മതിലിന് അടിയിൽപ്പെട്ട രണ്ട് ബൈക്ക് യാത്രക്കാർ മരണമടഞ്ഞു.