അമ്മയെ കണ്ടശേഷം മോഹന്‍ലാൽ കുടുംബസമ്മേതം പെരിങ്ങോട്ടെത്തി; ഇനി 23 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സാവിധികൾ

Monday 14 June 2021 3:49 PM IST

​​​പാലക്കാട്: എല്ലാവർഷവും കുറച്ചുദിവസങ്ങൾ ആയുർവേദ ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്ന പതിവ് മലയാളികളുടെ സ്വന്തം മോഹൻലാലിനുണ്ട്. ലോക്ക്ഡൗൺ കാലത്തും പതിവ് തെറ്റിക്കാതെ ആയുർവേദ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് താരം. പാലക്കാട് പെരിങ്ങോട്ടിലെ ഗുരുകൃപ ആയുര്‍വ്വേദ കേന്ദ്രത്തിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ഇത്തവണ കുടുംബത്തിനൊപ്പമാണ് താരത്തിന്‍റെ വരവ്. ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്‌മയയും അദ്ദേഹത്തോടൊപ്പമുണ്ട്.

​​​​​കഴിഞ്ഞ സെപ്‌തംബറിലും ലാല്‍ സുഖചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. അന്ന് സുചിത്ര മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. ചികിത്സ കഴിഞ്ഞിറങ്ങിയതിനു പിന്നാലെയാണ് ദൃശ്യം 2വിന്‍റെ ഭാഗമായത്. അന്ന് താരം പത്ത് കിലോയോളം ശരീരഭാരം കുറച്ചിരുന്നു.

​​​​​23 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ചികിത്സാവിധികള്‍. എന്നാൽ താരം അത്രയും ദിവസം കുടുംബത്തിനൊപ്പമുണ്ടാകില്ലെന്നാണ് വിവരം. ബറോസിന്‍റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകര്‍ക്ക് കൂടിയായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് വൈകാന്‍ ഇടയുണ്ട്. അതിനുമുമ്പ് ജീത്തു ജോസഫിന്‍റെ സിനിമയില്‍ അഭിനയിക്കുമെന്നും സൂചനയുണ്ട്.

​​​​അഞ്ച് ദിവസം മുമ്പാണ് ലാല്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയത്. എറണാകുളത്ത് വന്ന് അമ്മയെ കണ്ടശേഷമാണ് പെരിങ്ങോട്ടുള്ള ഗുരുകൃപാ ആയൂര്‍വ്വേദ ഹെറിറ്റേജിലെത്തിയത്. ഡോ ഉണ്ണികൃഷ്‌ണന്‍, ഡോ ഹരികൃഷ്‌ണന്‍, ഡോ ശ്രീജിത്ത് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.