എലിസബത്ത് രാജ്ഞി എന്റെ അമ്മയെ ഓർമ്മിപ്പിച്ചു: ബൈഡൻ

Wednesday 16 June 2021 12:00 AM IST

ലണ്ടൻ: എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച തന്റെ അമ്മയെക്കുറിച്ച് ഓർമ്മിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബ്രിട്ടനില്‍ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബൈഡൻ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജിൽ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദർശിക്കാനെത്തിയത്.

കോൺവാളിൽ നിന്ന് ഹെലികോപ്ടറിലാണ് ബൈഡൻ വിൻഡ്സർ കൊട്ടാരത്തിലെത്തിയത്. ദി ക്വീൻസ് കമ്പനി ഫസ്റ്റ് ബറ്റാലിയൻ ഗ്രനേഡിയർ ഗാർഡ്‌സ്, ഗാർഡ് ഒഫ് ഓണർ നൽകിയാണ് പ്രസിഡന്റിനേയും പ്രഥമവനിതയേയും സ്വീകരിച്ചത്. ഒരു മണിക്കൂറോളം രാജ്ഞിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ബൈഡൻ മടങ്ങിയത്. രാജ്ഞിയുടെ സൗമ്യതയും രൂപവുമെല്ലാം എന്റെ അമ്മയുടേത് പോലെ തോന്നിപ്പിച്ചു.വൈറ്റ് ഹൗസ് സന്ദർശനത്തിനായി രാജ്ഞിയെ ക്ഷണിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കുറിച്ചും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെക്കുറിച്ചും രാജ്ഞി തിരക്കി - ബൈഡൻ പറഞ്ഞു.

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന 13ാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ. 1982 ൽ സെനറ്ററായിരുന്ന ബൈഡൻ

അമേരിക്കൻ പാർലമെന്ററി സംഘത്തിപ്പമാണ് ആദ്യമായി രാജ്ഞിയെ കാണാനെത്തുന്നത്.

ബൈഡന്റെ പ്രിയപ്പെട്ട അമ്മ

ബൈഡന്റെ അമ്മയായ കാതറിൻ യൂജിൻ ഫിന്നഗൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ബൈഡൻ അമ്മയുടെ അഭിപ്രായങ്ങൾ എല്ലായ്പ്പോഴും

തേടിയിരുന്നു. 2010ലാണ് ജീൻ എന്ന് വിളിപ്പേരുള്ള കാതറീൻ മരിക്കുന്നത്. ഇപ്പോഴും തന്റെ പ്രസംഗങ്ങളിൽ ബൈഡൻ അമ്മയുടെ വാക്കുകൾ എടുത്തു പറയാറുണ്ട്.