ഓൺലൈൻ പഠനം: കുട്ടികളിൽ ശാരീരിക പ്രശ്നങ്ങൾ കൂടുന്നു

Tuesday 15 June 2021 12:00 AM IST

കോട്ടയം: ഓൺലൈൻ പഠനത്തിനുവേണ്ടി തുടർച്ചയായി സ്മാർട്ട് ഫോൺ ഉപയോഗം തുടങ്ങിയതോടെ വിദ്യാർത്ഥികളിൽ ശാരീരിക അസ്വസ്ഥതകൾ കൂടുന്നു. കാഴ്ചക്കുറവും കേൾവി പ്രശ്നവും തലവേദനയും കഴുത്തിന് വേദനയുമൊക്കെ വിദ്യാർത്ഥികൾക്ക് പതിവായിട്ടുണ്ട്.

രാവിലെ മുതൽ ഉച്ചവരെയുള്ള ഇടവേളകളിൽ നാൽപ്പത് മിനിറ്റ് വീതമുള്ള ക്ളാസുകളാണ് നടക്കുന്നത്. സ്വകാര്യ സ്‌കൂളുകളിൽ തുടർച്ചയായി രണ്ട് മണിക്കൂർവരെ ക്ലാസുകൾ നീളുന്നു. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കെല്ലാം സ്വന്തമായി ഫോണായതോടെ പഠനസമയത്തിന് ശേഷം ഗെയിമുകളുടെ പേരിലും മറ്റും രാത്രിയും കുട്ടികൾ ഫോണുമായിരിക്കുന്നത് ഇരട്ടി സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. കാഴ്ച മങ്ങുക, വസ്തുക്കളെ രണ്ടായി കാണുക, ക്ഷീണം, അകലത്തിലുള്ള കാഴ്ച വ്യക്തമാകാതിരിക്കുക, തലവേദന, കണ്ണ് വേദന എന്നിവയാണ് അസ്‌തെനോപ്പിയ എന്നറിയപ്പെടുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ. ഓൺലൈൻ ക്ലാസുകൾക്ക് ശേഷവും ദീർഘസമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ ഐ.ടി മേഖലയിലുള്ളവരെ സ്ഥിരമായി ബാധിക്കുന്ന കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമും കുട്ടികളെ ബാധിച്ചിട്ടുണ്ട്.

 പരാതിയുമായി രക്ഷിതാക്കൾ

കുട്ടികളുടെ കാഴ്ചാ പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ട്. തുടർച്ചയായുള്ള ഫോൺ ഉപയോഗം അദ്ധ്യാപകരെയും ബാധിച്ചിട്ടുണ്ട്.

 നേത്ര പരിശോധന അത്യാവശ്യം

ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ടൈംടേബിൾ ക്രമീകരിക്കുന്നതും കുട്ടികളിലുണ്ടാവാൻ സാദ്ധ്യതയുള്ള നേത്ര രോഗങ്ങൾക്ക് തടയിടും. സർക്കാർ സ്‌കൂളുകളിൽ എല്ലാവർഷവും കുട്ടികളുടെ കണ്ണ് പരിശോധന നടത്താറുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ കൂടി ഇത് നിർബന്ധമാക്കണമെന്ന് ഡോക്ടർമാരുടെ അഭിപ്രായം.

 തുടക്കത്തിലെ പ്രശ്‌നങ്ങൾ

കണ്ണിന് വേദന, ചൊറിച്ചിൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിൽ വെള്ളം നിറയൽ

''കാഴ്ച പ്രശ്നവും തലവേദനയും മൂലം എട്ടാം ക്ളാസുകാരി മകൾക്ക് കണ്ണട വയ്ക്കേണ്ടിവന്നു. തുടർച്ചയായുള്ള ഓൺലൈൻ ക്ളാസ് വലിയ സമ്മർദ്ദമാണുണ്ടാക്കുന്നത്. ഇതേ അനുഭവമുള്ള നിരവധി വിദ്യാർത്ഥികളുണ്ട്''

-കെ.എ ഷിബുകുമാർ,​ രക്ഷിതാവ്

'' കണ്ണിന് വിശ്രമമില്ലാതെയുള്ള ഓൺലൈൻ പഠനം ദോഷകരമായി ബാധിക്കുന്നുണ്ട്. കണ്ണിന് പ്രശ്നമായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി. ഇരുപത് മിനിറ്റ് ഫോൺ നോക്കിയാൽ 25 സെക്കൻഡെങ്കിലും വിശ്രമം നൽകണം. പച്ചവെള്ളത്തിൽ കണ്ണ് കഴുകിയും മറ്റും പരിപാലിക്കണം''

-ഡോ. ദീപക് ജയൻ, നേത്രരോഗ വിദഗ്ദ്ധൻ

Advertisement
Advertisement