ശ്രീരാമന്‍ സത്യമാണ്, ധർമ്മമാണ്,​ അദ്ദേഹത്തിന്റെ പേരില്‍ ചതി പാടില്ല’; അയോദ്ധ്യ ഭൂമി ഇടപാടിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി

Monday 14 June 2021 8:17 PM IST

ന്യൂഡൽഹി : രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.. ശ്രീരാമന്‍ സത്യമാണെന്നും രാമന്റെ പേരില്‍ ചതി ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാര്‍ രണ്ട് കോടിക്ക് വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം.‘ശ്രീരാമന്‍ ന്യായമാണ്. സത്യമാണ്, ധര്‍മ്മമാണ്. അദ്ദേഹത്തിന്റെ പേരില്‍ ചതി നടത്തരുത്.’ എന്നായിരുന്നു രാഹുൽ കുറിച്ചത്.

ചില പ്രദേശിക ബിജെപി നേതാക്കളുടേയും ട്രസ്റ്റ് ഭാരവാഹികളുടേയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് മുന്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയും ഉത്തര്‍പ്രദേശ് മന്ത്രിയുമായി പവന്‍ പാണ്ഡെയുടെ ആരോപണം.