അതിതീവ്രവ്യാപനത്തിൽ വട്ടംകറങ്ങി എക്സൈസ്

Tuesday 15 June 2021 12:00 AM IST

കൊവിഡിന്റെ തീവ്രവ്യാപനത്തെ ലോക്ക്ഡൗൺ നടപ്പാക്കി പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ വ്യാജമദ്യത്തിന്റെ അതിതീവ്ര വ്യാപനം എങ്ങനെ നേരിടുമെന്നറിയാതെ വട്ടംകറങ്ങുകയാണ് എക്സൈസ്. വൻതോതിൽ ചാരായം ഉണ്ടാക്കി സീൽഡ് ബോട്ടിലിലാക്കി വില്‌പന നടത്തുകയാണ് സംഘങ്ങൾ. മദ്യത്തിന് ക്ഷാമം നേരിട്ടപ്പോൾ അനധികൃത മദ്യത്തിന് ആവശ്യക്കാരേറി. അപ്പോഴാണ് പുതിയ തന്ത്രവുമായി വാറ്റ് സംഘങ്ങൾ പെരുകിയത്. ചിലയിടങ്ങളിൽ ഒരു ലിറ്ററിന്റെ വെള്ളക്കുപ്പിയിലാണ് മദ്യം നിറയ്ക്കുന്നത്. മെഷീൻ ഇല്ലാതെ തന്നെ സീൽ ചെയ്തതു പോലെയാക്കാവുന്ന കുപ്പികളാണ് ഇതിന് ഉപയോഗിക്കുന്നത്. മദ്യം ഉണ്ടാക്കാനായി സ്ഥിരം സംവിധാനം ഒരുക്കിയ ശേഷമാണ് ഓർഡറുകൾ വാങ്ങുന്നത്. ഓർഡറുകൾക്കനുസരിച്ച് ബോക്‌സിലാക്കി വെള്ളം കൊണ്ടുപോകുന്നത് പോലെ കടത്തും. അലൂമിനിയം മൂടികൾ ഉപയോഗിക്കാൻ മെഷീൻ വേണ്ടിവരും. ആ ചെലവ് ഒഴിവാക്കാനാണ് വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുട റേഞ്ചിലും വരന്തരപ്പിള്ളിയിലുമെല്ലാം ഇത്തരം സംഘങ്ങളെ പിടികൂടി. ജില്ലയുടെ എല്ലാ ഭാഗത്തേക്കും ഇത്തരം മദ്യം വിതരണം ചെയ്യുന്നുണ്ട്. നിർമ്മാണ കേന്ദ്രത്തിന് സമീപമുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യാറില്ല. മദ്യനിർമ്മാണം പുറത്ത് അറിയാതിരിക്കാനാണിത്. അതേസമയം, ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളിൽ മദ്യം കൊണ്ടുപോകുന്നത് എന്തുകൊണ്ട് പിടികൂടാനാവുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഹോംലി വാറ്റും ഹോം ഡെലിവറിയും

സ്വന്തം ആവശ്യത്തിനായി വീടുകളിൽ ചാരായം വാറ്റുന്നവരുടെ എണ്ണവും കൂടി. വാറ്റിന് സാദ്ധ്യതയേറിയ മലയോര, വനമേഖലകളിൽ എക്‌സൈസ് നിരീക്ഷണം ശക്തമാണ്. നഗരങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ചാരായം വാറ്റിയ കേസുകൾ കണ്ടെത്തിയിരുന്നു. സ്ഥിരം മദ്യപാനികളാണ് വീടുകളിലും മറ്റും രഹസ്യമായി വാറ്റുന്നത്. വീടുകളിൽ നടക്കുന്ന ഇത്തരം ചെറിയ വാറ്റ് സംബന്ധിച്ച വിവരങ്ങൾ എക്‌സൈസിന് ലഭിക്കാറില്ല. അതിനാൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് വ്യാജമദ്യം ഒഴുകുകയാണ്.

മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയാനും നിരീക്ഷണം തുടരുന്നുണ്ട്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തുന്നതിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ നിലച്ചതാണ് ഇവയുടെ വരവ് കുറച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ മറവിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതായും വിവരമുണ്ട്. വീടുകളിൽ ചാരായം വാറ്റുന്നത് ശിക്ഷാർഹമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും വാറ്റുകാരെ ഇതൊന്നും ഏശുന്നില്ല.

പ്രതികളെ പിടികൂടാനുളള ഭയവും ചില ഉദ്യോഗസ്ഥർക്കുണ്ട്. പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തി സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കുന്നതും എക്സൈസിനെ പ്രതിരോധത്തിലാഴ്ത്തി. തിരിച്ചെടുക്കണമെന്ന അപേക്ഷ പരിഗണിച്ചതിനെ തുടർന്നാണ് നടപടിയെന്ന് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്കും സി.ബി.ഐ ശുപാർശ ചെയ്തിരുന്നു. ഗുരുവായൂരിൽ രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്.

കാട്ടിലെ വാറ്റും മരംമുറിയും

കൊവിഡ് വ്യാപനത്തിനിടയിൽ കാടായെ കാട്ടിലെല്ലാം വാറ്റ് സജീവമായിരുന്നു. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് കാലത്ത് ജനങ്ങളെ നിയന്ത്രിക്കാൻ ഓടിനടന്നപ്പോൾ കാട്ടിൽ നിർബാധം വാറ്റ് തുടർന്നു. അതേസമയം തന്നെ മരംമുറിയും സജീവമായിരുന്നെന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ശരിവയ്ക്കുന്നു. തൃശൂരിൽ വനങ്ങളിലെ അഞ്ഞൂറോളം മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള പാസിന്റെ മറവിലാണെന്നും, ഇത് കണ്ടെത്താതിരിക്കാനാണ് മുറിച്ച മരങ്ങളുടെ കുറ്റി വ്യാപകമായി കത്തിച്ചതെന്നും വ്യക്തമായിക്കഴിഞ്ഞു. മച്ചാട് റേഞ്ചിലെ അകമല സ്‌റ്റേഷൻ, പങ്ങാരപ്പിള്ളി എളനാട് സ്‌റ്റേഷൻ പരിധികളിലായി നാൽപ്പതോളം കുറ്റികളാണ് കത്തിച്ചത്. മച്ചാട് റേഞ്ചിൽ നിന്ന് മാത്രം മരം കൊണ്ടുപോകാൻ 33 പാസ് അനുവദിച്ചിരുന്നു.
ചിലയിടങ്ങളിൽ ഒരു പാസിന്റെ മറവിൽ പത്ത് മരങ്ങൾ വരെ മുറിച്ചു. ഉത്തരവ് റദ്ദാക്കിയ ശേഷവും പാസ് നൽകിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ പാസുകളുപയോഗിച്ചും വ്യാപക മരംമുറി നടന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്. അന്വേഷണം തുടങ്ങിയതോടെ പാസ് തിരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തെന്നും പറയുന്നു.

എളനാട്, പുലാക്കോട്, പാരിപ്പള്ളി, പരിയാരം മേഖലകളിൽ നിന്നാണ് മരങ്ങൾ കൂടുതലായി മുറിച്ചത്. അകമല സ്‌റ്റേഷൻ പരിധിയിലെ ആറ്റൂർ മേഖലയിൽ കുറ്റി കത്തിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നിരുന്നു. കുറ്റി ചപ്പു ചവറുപയോഗിച്ച് മൂടി മുകളിൽ പഞ്ചസാര വിതറിയ ശേഷം ബ്ലോവർ ഉപയോഗിച്ച് വേരടക്കം കത്തിച്ചു . അതിനാൽ, തടി കണ്ടെടുത്താലും വനഭൂമിയിൽ നിന്ന് മുറിച്ചതാണെന്ന് തെളിയിക്കാനാവാതെ വരും. ഇക്കാലയളവിൽ കാട്ടിനുളളിലായിരുന്നു കുറ്റകൃത്യങ്ങളിലേറെയും നടന്നതെന്ന് ചുരുക്കം.

Advertisement
Advertisement