ആ ഓർമകൾക്ക് കനകശോഭ

Tuesday 15 June 2021 12:00 AM IST

മലയാള സിനിമയുടെ സിംഹാസനം അലങ്കരിച്ചിരുന്ന മഹാനടൻ സത്യൻ വിട്ടുപിരിഞ്ഞിട്ട് 50 വർഷം . 1971 ജൂൺ 15 ന് സിനിമാലോകം കണ്ണീരിൽ കുതിർന്നു. അന്ന് മദ്രാസിലെ കെ.ജെ. ആശുപത്രി സത്യനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയവരുടെ തിരക്കിലമർന്നു.

മരണ വിവരമറിഞ്ഞ് തമിഴ്, തെലുങ്ക്, കന്നട സിനിമാ നടീനടന്മാരുൾപ്പടെ ആശുപത്രിയിലെത്തി. മരണത്തിന്റെ തലേദിവസം സ്വയം കാറോടിച്ചാണ് സത്യൻ ആശുപത്രിയിലെത്തിയത്.

1970 മാർച്ച് 29ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം നടക്കുന്നതറിഞ്ഞ്, സിനിമാ മോഹവുമായി നടന്ന, സത്യന്റെ ആരാധകനായ ഞാനും അവിടെച്ചെന്നു. മഴയിൽ കാണികൾക്കൊപ്പം ചിതറിയോടിയപ്പോൾ ചെന്നുപെട്ടത് വി.ഐ.പി പവലിയനിൽ. എനിക്ക് കിട്ടിയ സീറ്റിനടുത്ത് പ്രിയപ്പെട്ട സത്യന്റെ ഭാര്യയും മക്കളും. പരിചയപ്പെട്ടു. ഭാര്യ ജെസ്സി സത്യന്റെ മദ്രാസിലെ മേൽവിലാസം തന്നു.
സത്യനെ അന്ന് നേരിൽക്കണ്ടതിന്റെ സന്തോഷമായിരുന്നു മനസിൽ. പിറ്റേദിവസം സത്യന് കത്തെഴുതി. അവാർഡ് കിട്ടിയതിലും അദ്ദേഹത്തിന്റെ അഭിനയത്തിനും കത്തിൽ അഭിനന്ദനം അറിയിച്ചു. ആറുമാസത്തിനു ശേഷം പ്രതീക്ഷിക്കാതെ എനിക്ക് വന്ന ഒരു കത്ത് ആ മഹാനടന്റേതായിരുന്നു. 'ആറുമാസത്തിനു ശേഷം മറുപടി എഴുതുകയാണ്, ക്ഷമിക്കൂ'... എന്ന മുഖവുരയോടെയായിരുന്നു അദ്ദേഹം തന്റെ കൈപ്പടയിൽ എഴുതിയിരുന്നത്. സ്വർണ വ്യാപാരിയായ ഞാൻ സ്വർണത്തിന്റെ വിലയെക്കാൾ ആ കത്തിന് വിലമതിക്കുന്നു. മലയാളത്തിന്റെ താരസിംഹാസനം അലങ്കരിച്ചിരുന്ന ആ മനുഷ്യസ്‌നേഹിയെ ദൈവം മടക്കി വിളിച്ചത് ലുക്കേമിയ എന്ന മാരകരോഗത്തിലൂടെ. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് നേരത്തേ അറിയാമായിരുന്നു. ആ ധൈര്യശാലി അതു മറച്ചുപിടിച്ച് രാവും പകലും തനിക്കുകിട്ടിയ വേഷങ്ങൾ ആടിത്തിമിർത്തു. 1968 മുതൽ 71 വരെയും മരണശേഷവും ഇറങ്ങിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിലെ അഭിനയത്തെ പുറത്തെടുത്ത മികച്ച ചിത്രങ്ങൾ. 1969ലും 71ലും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടത് സത്യനായിരുന്നു. ഷൂട്ടിംഗ് സമയത്തും അദ്ദേഹത്തിന്റെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. മറ്റുള്ളവർ അതുകണ്ട് പേടിച്ചപ്പോൾ അവരെ സമാധാനിപ്പിക്കാൻ പീനസമാണെന്ന് പറഞ്ഞ് കോട്ടൺ തുണികൊണ്ട് രക്തം തുടച്ചുമാറ്റി അദ്ദേഹം അഭിനയം തുടർന്നു.

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ജീവിതങ്ങളെ അദ്ദേഹം കഥാപാത്രങ്ങളാക്കിയിരുന്നു. അന്നത്തെ സംവിധായകർ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികൾ ചലച്ചിത്രമാക്കാൻ ധൈര്യം കാണിച്ചത് സത്യൻ എന്ന നടനെ കണ്ടായിരുന്നു. കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ റിക്ഷാക്കാരൻ പപ്പു, തകഴിയുടെ ചെമ്മീനിലെ പളനി, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയിലെ പ്രൊഫ. ശ്രീനി, പമ്മന്റെ അടിമകളിലെ അപ്പുക്കുട്ടൻപിള്ള, തോപ്പിൽഭാസിയുടെ അശ്വമേധത്തിലേയും ശരശയ്യയിലേയും ഡോ. തോമസ്, വാഴ്‌വേ മായത്തിലെ സുധി, കെ.ടി. മുഹമ്മദിന്റെ കടൽപ്പാലത്തിലെ അഡ്വ. നാരായണക്കൈമൾ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ....
ചെമ്മീൻ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ടേബിളിൽ, പളനിയായ സത്യന്റെ അഭിനയം കണ്ട് പ്രസിദ്ധ എഡിറ്റർ ഋഷികേശ് മുഖർജി പറഞ്ഞത്, 'ഇദ്ദേഹം ഹിന്ദി ചലച്ചിത്ര രംഗത്തായിരുന്നെങ്കിൽ ദേശീയ അവാർഡ് മാത്രമല്ല ഓസ്‌കാറും നേടുമായിരുന്നു ' എന്നാണ്.

(ലേഖകന്റെ ഫോൺ: 9447028467)​

Advertisement
Advertisement