കുൽഭൂഷണിന് അപ്പീൽ നൽകാൻ ബിൽ പാസാക്കി പാകിസ്ഥാൻ

Tuesday 15 June 2021 12:08 AM IST

ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് ഇന്ത്യൻ അഭിഭാഷകൻ മുഖാന്തരം അപ്പീലിന് അവസരം നൽകുന്ന ബിൽ പാകിസ്ഥാൻ നാഷണൽ അസംബ്ളി പാസാക്കി. സെനറ്റിലും പാസായാൽ ബിൽ നിയമമാകും. അന്താരാഷ്‌ട്ര കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

2019 ജൂലായിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ തുടർന്ന് 2020 മേയിൽ ഓർഡിൻസ് ഇറക്കിയ ബില്ലാണ് നാഷണൽ അസംബ്ളി പരിഗണിച്ചത്. കുൽഭൂഷൺ ജാദവിന്റെ പേരു പരാമർശിക്കുന്ന ബിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധത്തിനും തുടർന്നുള്ള വാക്കൗട്ടിനുമിടെയാണ് ബിൽ പാസാക്കിയത്. ബിൽ ഉടൻ പാസാക്കിയില്ലെങ്കിൽ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വീണ്ടും അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാനിടയുണ്ടെന്ന് പാക് നിയമ മന്ത്രി ഫറോഖ് നസീം പറഞ്ഞു.

ജാദവിന് നിയമ സഹായം നൽകാൻ സർക്കാർ വിട്ടുവീഴ്ച നൽകിയെന്ന് പ്രതിപക്ഷമായ പാകിസ്ഥാൻ മുസ്ളിം ലീഗ് നവാസ് അംഗം അഹസാൻ ഇക്ബാൽ ചൂണ്ടിക്കാട്ടി. ജാദവിന്റെ പേരുപോലും ബില്ലിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പട്ടാള കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകാൻ നിലവിൽ നിയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയാണ് കുൽഭൂഷൺ വിഷയം സങ്കീർണമാക്കിയതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ആരോപിച്ചു.

അധോസഭയായ നാഷണൽ അസംബ്ളിയിൽ പാസാക്കിയ ബിൽ ഇനി ഉപരി സഭയായ സെനറ്റ് പരിഗണിക്കും. ഭേദഗതിയില്ലാതെ സെനറ്റ് പാസാക്കിയാൽ മാത്രമെ പാക് പ്രസിഡന്റിന്റെ അനുമതിയോടെ നിയമാകൂ. ഭേദഗതി വന്നാൽ നാഷണൽ അസംബ്ളിയിലേക്ക് മടക്കി അയ്ക്കും. ഇരു സഭകളിലും സമവായമുണ്ടായില്ലെങ്കിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ഭൂരിപക്ഷത്തിൽ ബിൽ പാസാക്കാം.

Advertisement
Advertisement