രണ്ടര മാസത്തിനിടെ ഏ‌റ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിന കൊവിഡ് നിരക്ക്; 24 മണിക്കൂറിനിടെ 60,471 പേർക്ക് രോഗം സ്ഥിരീകരിച്ചു

Tuesday 15 June 2021 10:54 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോർട്ട് ചെയ്‌തവരുടെ എണ്ണം 60,471 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 75 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗം സ്ഥിരീകരിച്ചവരുടെ ഇരട്ടിയോളം പേ‌ർ രോഗമുക്തി നേടി. 1,17, 525 പേരാണ് രോഗമുക്തി നേടിയത്. 2726 പേർ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.95 കോടിയാണ്. ഇതിൽ 2.82 കോടി ആളുകൾ രോഗമുക്തരായി. 3,​77,​031 പേർ ഇതുവരെ രാജ്യത്ത് രോഗംബാധിച്ച് മരിച്ചു. 9,​13,​378 ആണ് രാജ്യത്തെ ആക്‌ടീവ് കേസുകൾ. 12,​772 രോഗികളുള‌ള തമിഴ്‌നാടാണ് ഏറ്റവുമധികം പ്രതിദിന രോഗികളുള‌ള സംസ്ഥാനം. മഹാരാഷ്‌ട്ര,​ കേരളം,​കർണാടക,​ ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പിന്നിലായുണ്ട്.

ഇന്ത്യയിൽ ഇതുവരെ വാക്‌സിനേഷൻ നൽകിയവരുടെ എണ്ണം 26 കോടിയോട് അടുക്കുകയാണ്. 25.87 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 8,​33,​808 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.