കൊടകര കുഴൽപ്പണം : പിടിച്ചെടുത്ത കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേർ, മറുവാദവുമായി പൊലീസ് 

Tuesday 15 June 2021 10:54 AM IST

തൃശൂർ: കൊടകര കുഴൽപ്പണകേസിൽ അന്വേഷണം കഴിയാത്തതിനാൽ പണവും കാറും വിട്ടു നൽകുന്നത് കേസിനെ ബാധിക്കുമെന്ന വാദം ഉയർത്തി പൊലീസ് ഇന്ന് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. തെളിവ് നശിപ്പിക്കാൻ ഇത് കാരണമാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാകും സമർപ്പിക്കുക.

കൊടകര കുഴൽപ്പണക്കേസിൽ പിടിച്ചെടുത്ത 1.4 കോടിയും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജനും സുനിൽനായികും ഷംജീറും കോടതിയിൽ നൽകിയ ഹർജിയെ എതിർത്താണ് ഈ റിപ്പോർട്ട് നൽകുക. കഴിഞ്ഞയാഴ്ചയാണ് പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധർമ്മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയിൽ ഹർജി സമർപ്പിച്ചത്.

15ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു. കവർച്ച ചെയ്യപ്പെട്ട 3.5 കോടിയിൽ 25 ലക്ഷം രൂപ തന്റേതാണെന്ന് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികും 3.25 കോടി ഡൽഹിയിൽ ബിസിനസ് ആവശ്യത്തിനായി സുഹൃത്ത് ഏൽപിച്ചതാണന്ന് ധർമ്മരാജനും അവകാശപ്പെട്ടു.

കാർ തന്റേതാണെന്ന്‌ ഡ്രൈവർ ഷംജീറും വ്യക്തമാക്കിയിരുന്നു. ആദ്യം മൂന്നു പേർക്കും വേണ്ടി ധർമരാജൻ നൽകിയ ഹർജി കോടതി മടക്കിയിരുന്നു. പിന്നീട് മൂന്ന് പേരും പ്രത്യേകം ഹർജികൾ നൽകുകയായിരുന്നു.