പേരക്കുട്ടിയുടെ മുന്നിൽ വച്ച് കൂട്ടബലാൽസംഗം ചെയ്‌തു, പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് വനത്തിൽ ഉപേക്ഷിച്ചു; ബംഗാളിൽ തൃണമൂൽ ആക്രമണങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജികൾ

Tuesday 15 June 2021 11:45 AM IST

കൊൽക്കത്ത: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബലാൽസംഗം ചെയ്‌ത രണ്ട് സ്ത്രീകൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തങ്ങളെ തൃണമൂൽ പ്രവർത്തകർ ബലാൽസംഗം ചെയ്‌ത കേസ് പ്രത്യേക അന്വേഷണ സംഘമോ, സിബിഐയോ അന്വേഷിക്കണമെന്നാണ് ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജി നൽകിയിരിക്കുന്നവരിൽ ഒരാളായ 60 വയസുകാരി മേയ് നാല്, അഞ്ച് തീയതികളിൽ തൃണമൂൽ പ്രവ‌ത്തകർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തുവെന്ന് അറിയിച്ചു. തന്റെ ആറ് വയസുള‌ള പേരക്കുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു ഈ അതിക്രമമെന്നും ഇവർ ഹർജിയിൽ പറയുന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ തന്റെ കുടുംബം പങ്കെടുത്തതിനാണ് ഈ ആക്രമണം നേരിടേണ്ടി വന്നതെന്നും അവ‌ർ പറയുന്നു.

ബലാൽസംഗം നടന്നുവെന്ന് പരിശോധനയിലൂടെ തെളിഞ്ഞിട്ടും കുറ്റം ചെയ്‌ത അഞ്ചുപേരുടെ പേര് നൽകിയിട്ടും പൊലീസ് അക്കൂട്ടത്തിൽ ഒരാളെ മാത്രമേ എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയുള‌ളുവെന്നും ഇവ‌ർ ആരോപിച്ചു.

പിന്നാക്ക വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്കും നേരിടേണ്ടിവന്നത് കൊടും പീഡനമാണ്. ബിജെപിയെ പിന്തുണച്ച തന്റെ കുടുംബത്തിനെ ഒരു പാഠം പഠിപ്പിക്കാനായി തന്നെ മേയ് 9ന് കാട്ടിൽ പിടിച്ചുകൊണ്ടുപോയി നാലുപേർ ചേർന്ന് പീഡിപ്പിച്ചു. തുടർന്ന് കാട്ടിൽ ഉപേക്ഷിച്ചിട്ട് കുറ്റവാളികൾ കടന്നുകളഞ്ഞു. പിന്നീട് വീട്ടിലെത്തിയ തൃണമൂൽ നേതാവ് പരാതിപ്പെട്ടാൽ കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ഹർജിയിൽ പറയുന്നു. പൊലീസും പീ‌ഡനത്തിനിരയായ പെൺകുട്ടിയെ സഹായിക്കുന്നതിന് പകരം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ഹർജിയിൽ പറയുന്നത്.

Advertisement
Advertisement