കൊവിഡ് വാക്‌സിൻ പാർശ്വഫലങ്ങളെ തുടർന്ന് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാ‌ർ പാനൽ

Tuesday 15 June 2021 12:33 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾ മൂലം ഒരാൾ മരണമടഞ്ഞതായി സ്ഥിരീകരണം. വാക്‌സിൻ അലർജി മൂലം സംഭവിക്കുന്ന അനഫൈലാക്‌സിസ് ബാധിച്ച 68കാരന്റെ മരണമാണ് വാക്‌സിൻ പാർശ്വഫലങ്ങൾ കാരണമാണെന്ന് രോഗപ്രതിരോധത്തെ തുടർന്നുള‌ള പാർശ്വഫലങ്ങൾ (എഇ‌എഫ്‌ഐ) പഠിക്കാൻ സർക്കാർ നിയോഗിച്ച പാനൽ കണ്ടെത്തിയത്. ആകെ 31 മരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് സ്ഥിരീകരണം.

പാർശ്വഫലങ്ങൾ മുലം 68കാരൻ മരിച്ചത് മാർച്ച് എട്ടിനാണ്. 'മരണകാരണം അനഫൈലാക്‌സിസ് ആണെന്ന് രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്.' എ‌ഇ‌എഫ്‌ഐ കമ്മി‌റ്റി ചെയ‌ർപേഴ്‌സൺ ഡോ.എൻ. കെ അറോറ പറയുന്നു. മൂന്നോളം കേസുകളിൽ വാക്‌സിനുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ആകെ പഠനവിധേയമായ 31 മരണങ്ങളിൽ 18നും വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് കണ്ടെത്തി. ഏഴെണ്ണം നിശ്ചയിക്കാൻ കഴിയാത്തതും രണ്ടെണ്ണം മരണകാരണം വേർതിരിച്ചറിയാൻ കഴിയാത്തതുമാണ്. ജനുവരി 16നും ജൂൺ ഏഴിനുമിടയിലുള‌ള മരണളാണ് സമിതി പരിശോധിച്ചത്.