തേജസിന് ലോട്ടറി അടിക്കുമോ ? ചൈനയുമായുള്ള വമ്പൻ യുദ്ധവിമാന കരാർ റദ്ദാക്കി, ഇന്ത്യയുടെ സ്വന്തം പോരാളിയെ സ്വന്തമാക്കിയാൽ എന്തെന്ന ചിന്തയിൽ ഒരു രാജ്യം
ന്യൂഡൽഹി : ഇത് സംഭവിച്ചാൽ ഒരു വെടിക്ക് ഇന്ത്യയ്ക്ക് രണ്ട് പക്ഷികളെ തീർച്ചയായും ലഭിക്കും. ഇന്ത്യയുടെ സ്വന്തം പോരാളി തേജസ് വിമാനത്തെ സ്വന്തമാക്കിയാലെന്തെന്ന ചിന്തയിലാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം. മറ്റാരുമല്ല ഫുട്‌ബോളിലൂടെ നമുക്ക് സുപരിചിതരായ അർജന്റീനയാണ് ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നത്. നിലവിൽ അർജന്റീന ചൈനയുമായി വലിയൊരു ആയുധ കരാറിനെ കുറിച്ചുള്ള ചർച്ചയിലാണ്. പന്ത്രണ്ട് ചൈനീസ് ജെ എഫ് 17 തണ്ടർ ജെറ്റുകൾ വാങ്ങുന്നതിനെ കുറിച്ചാണ് വർഷങ്ങളായി ചർച്ചകൾ നടക്കുന്നത്.
ആയുധ വിൽപ്പനയ്ക്കായി ഏതാനും മാസങ്ങൾക്ക് മുമ്പ് ചൈനയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം അർജന്റീനയിൽ എത്തി ചർച്ചകൾ നടത്തിയിരുന്നു. പിന്നാലെ അർജന്റീനയുടെ വ്യോമസേന 12 ജെ എഫ് 17 തണ്ടർ ജെറ്റുകൾ വാങ്ങുന്നതിന് താത്പര്യവും പ്രകടിപ്പിച്ചു. വിമാനങ്ങളുടെ കൈമാറ്റത്തിനായുള്ള എല്ലാ പ്രാരംഭ ചർച്ചകളും പൂർത്തിയായി ഓർഡർ ഒപ്പിട്ട് കൈമാറാൻ പോകുന്നതിന് തൊട്ടു മുൻപാണ് അർജന്റീന മാറി ചിന്തിച്ചത്.
ഡിഫൻസ് മാദ്ധ്യമങ്ങളിൽ അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ചൈനയോട് വിമാനങ്ങളുടെ വില കുറയ്ക്കാൻ അവസാന നിമിഷത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ തങ്ങൾ ഇന്ത്യയുടെ തേജസിലേക്ക് തിരിയുമെന്ന സൂചനയും നൽകി. 50 മില്യൺ ഡോളർ വിലയിട്ടിരിക്കുന്ന ജെഎഫ് 17 യുദ്ധവിമാനം അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ ഈ വിമാനത്തെ കുറിച്ചുള്ള പോരായ്മകളാണ് അർജന്റീനയുടെ കണ്ണ് തുറപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ ഇടപാട് തടയുന്നതിനൊപ്പം തേജസിനെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ ഉയരാനുള്ള അവസരം കൂടിയാണിത്.
ജെഎഫ്17 യുദ്ധവിമാനങ്ങളേക്കാൾ സാങ്കേതികമായി ഏറെ മികച്ചവയാണ് തേജസ് എന്ന് അടുത്തിടെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ അഭിപ്രായപ്പെട്ടിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ ബ്രിട്ടനടക്കമുള്ള പല രാജ്യങ്ങളിൽ നിന്നും അർജന്റീനയ്ക്ക് ആയുധങ്ങൾ വാങ്ങാനാവില്ല. അടുത്തിടെ ഫ്രാൻസും അർജന്റീനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ വിമുഖത കാട്ടിയിരുന്നു.