ചില്ലുപെട്ടിയിൽ നിന്ന് കൊവിഡ് കാലത്ത് താരപരിവേഷവുമായി വെട്ടുകേക്ക്

Wednesday 16 June 2021 12:00 AM IST

ചങ്ങനാശേരി: പേരിൽ ഭീകരനാണെങ്കിലും കൊവിഡ് കാലത്ത് നിരവധിയാളുകൾ സ്വന്തമായുണ്ടാക്കി ആസ്വദിച്ച കക്ഷിയാണ് വെട്ടുകേക്ക്. ബേക്കറികൾ പ്രവർത്തിച്ചെങ്കിലും ആധുനിക സ്‌നാക്സുകൾ കാര്യമായി ലഭ്യമായിരുന്നില്ല. ഈ തക്കത്തിനാണ് നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലുകൂടാരത്തിൽ നിറഞ്ഞിരുന്ന വെട്ടുകേക്കിന് താര പരിവേഷം ലഭിച്ചത്.

പരമാവധി ഒന്നുംരണ്ടും ദിവസങ്ങൾ കൊണ്ട് കേടാകുന്ന പലഹാരങ്ങൾ എടുത്തുവയ്ക്കാൻ ബേക്കറികൾ മടിച്ചപ്പോൾ, രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന വെട്ടുകേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. അതോടെ വീടുകളിൽ വൈകുന്നേരങ്ങളിലും ഇടവേളകളിലും ചായക്കൊപ്പം താത്കാലികാശ്വാസമായി മാറി വെട്ടുകേക്ക് . മുൻപൊക്കെ നാരങ്ങാവെള്ളവും പഫ്‌സും ആയിരുന്നു ട്രെൻഡ്. കൊവിഡ് അതിന് ചെറിയൊരു മാറ്റം വരുത്തി. നാരങ്ങാവെള്ളവും വെട്ടുകേക്കും.!

വെട്ടുകേക്ക് ഉണ്ടാക്കുന്ന വിധം

വേണ്ട സാധനങ്ങൾ: മൈദ :500 ഗ്രാം, മുട്ട: 3 എണ്ണം, പഞ്ചസാര പൊടിച്ചത്: 2 കപ്പ്, നെയ്യ്: ഒരു ടേബിൾ സ്പൂൺ, 5 ഏലക്കായ പൊടിച്ചത് , വാനില എസൻസ്: അര ടീസ്പൂൺ, സോഡാപ്പൊടി: കാൽ ടീസ് പൂൺ, റവ 100 ഗ്രാം.

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വയ്ക്കുക. ശേഷം, മുട്ട നന്നായി അടിച്ച് പഞ്ചസാര, പാൽ, നെയ്യ്, വാനില എസൻസ്, ഏലയ്ക്കാപ്പൊടി എന്നിവയുമായി ചേർത്തിളക്കുക. ഇത് മൈദ, റവ മിശ്രിതത്തിൽ ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ട് മൂടിവയ്‌ക്കണം. രണ്ട് മണിക്കൂറിന് ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ട് പിളർത്തി ഇതളുപോലെയാക്കണം. അതിന് ശേഷം തിളച്ച എണ്ണയിൽ വറുത്തു കോരിയെടുക്കണം.

Advertisement
Advertisement