ജി 7 ഉച്ചകോടി സമാപിച്ചു

Wednesday 16 June 2021 12:33 AM IST

ലണ്ടൻ :കൊവിഡെന്ന അതീവ അപകടകാരിയായ മഹാമാരിയെ തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത് ജി7 ഉച്ചകോടിയ്ക്ക് സമാപനം. കൊവിഡ് വാക്സിൻ വിതരണം, ആഗോള നികുതി, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയ ശേഷമാണ് ഉച്ചകോടി അവസാനിച്ചത്. ഇതനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും കോർപറേറ്റ് നികുതി വർദ്ധിപ്പിക്കാനും ഉച്ചകോടിയിൽ തീരുമാനമായി.

കൊവിഡിനെ പ്രതിരോധിക്കാൻ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നല്കും. ആഗോള ടെക്ഭീമന്മാർ ഉൾപ്പെടെ നടത്തുന്ന നികുതി വെട്ടിപ്പ് തടയാൻ മിനിമം നികുതി വ്യവസ്ഥ നടപ്പിലാക്കും എന്നിവയാണ് പ്രധാനപ്പെട്ട തീരുമാനങ്ങൾ. അതേ സമയം ഉയ്ഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ഇതു കൂടാതെ ദരിദ്ര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയെ ചെറുക്കാനുള്ള തന്ത്രങ്ങളും ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി. ഇതിനെ പ്രതിരോധിക്കാൻ യു.എസിന്റെ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്ത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ജി7 നേതാക്കൾ വിലയിരുത്തി. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി7 നേതാക്കൾ ലണ്ടനിൽ ഇത്തവണ ഒത്തു കൂടിയത്. ഉച്ചകോടിയുടെ വിർച്വൽ ഔട്ട്‌റീച്ച് സെഷനിൽ വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു.