ബൈഡൻ -പുടിൻ കൂടിക്കാഴ്ച ഇന്ന്

Wednesday 16 June 2021 1:27 AM IST

ജനീവ: ഏറെക്കാലമായി ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശീതസമരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് ജനീവയിൽ കൂടിക്കാഴ്ച നടത്തും. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാർക്കിലെ 18 ാം നൂറ്റാണ്ടിൽ നിർമ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏറെക്കാലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് പുടിനുമായി ചർച്ചയ്‌ക്കൊരുങ്ങുന്നത്. ആണവ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ, ഇരു രാജ്യങ്ങളിലേയും തടവുകാരുടെ കൈമാറ്റം എന്നീ വിഷയങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതു കൂടാതെ പശ്ചിമേഷ്യയിലെ റഷ്യൻ സ്വാധീന പ്രദേശങ്ങളിൽ റഷ്യൻ വിരുദ്ധ നടപടികൾ അമേരിക്ക അവസാനിപ്പിക്കണമെന്ന്പുടിൻ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. നാളത്തെ ബൈഡൻ -പുടിൻ ഉച്ചകോടി ഇന്ത്യക്കും നിർണായകമാണ്. ചർച്ചയിൽ സൈനിക ഉപരോധം വിഷയമാകുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. റഷ്യയുടെ മേൽ യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന സൈനിക – വാണിജ്യ ഉപരോധങ്ങളിൽ അയവു വരുത്തുമോയെന്നതാണ് ഇന്ത്യയെ അലട്ടുന്ന വിഷയം. നിലവിൽ റഷ്യയിൽ നിന്ന് പുതിയ ആയുധങ്ങൾ വാങ്ങുന്നതിനെതിരെയാണ് അമേരിക്കയുടെ ഉപരോധം. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പങ്കാളിയാണ് റഷ്യ. അതിനാൽ ഈ ഉപരോധത്തിൽ ഇളവുണ്ടായില്ലെങ്കിൽ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കും.

Advertisement
Advertisement