മന്ത്രിസഭാ പുന:സംഘടന: എംപിമാരുമായി അമിത് ഷായുടെ ചർച്ച

Thursday 17 June 2021 12:00 AM IST

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രിമാരാകാൻ സാദ്ധ്യതയുള്ള എം.പിമാരുമായി ചർച്ച തുടങ്ങി. മണ്ഡലങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയാണ് എം.പിമാരുമായുള്ള ചർച്ചയുടെ ലക്ഷ്യം. പുന:സംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവയ്ക്ക് പുറമെ മഹാരാഷ്‌ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 30ഓളം എം.പിമാരും ചില മന്ത്രിമാരുമാണ് അമിത് ഷായുടെ വസതിയിലെത്തിയത്. കൊവിഡ് കാലത്തെ ജനസേവനം സംബന്ധിച്ച് എം.പിമാരുടെ പ്രകടനം ചർച്ചയിൽ വിലയിരുത്തി.

നിലവിൽ 21 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 23 സഹമന്ത്രിമാരുമുള്ള കേന്ദ്ര മന്ത്രിസഭയിൽ 28പേർക്ക് കൂടി അവസരമുണ്ട്. അന്തരിച്ച മന്ത്രിമാരായ രാംവിലാസ് പാസ്വാൻ, സുരേഷ് അംഗഡി എന്നിവരുടെ ഒഴിവുകൾ നികത്താനുമുണ്ട്. കോൺഗ്രസിൽ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർക്കും അവസരം ലഭിച്ചേക്കും.