രണ്ട് കോടിയുടെ ഭൂമി 18.5 കോടി രൂപയ്ക്ക് വാങ്ങി, വിശദീകരണവുമായി രാമജന്മഭൂമി ട്രസ്റ്റ്​

Wednesday 16 June 2021 1:45 AM IST

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. രണ്ട് കോടിയുടെ സ്ഥലം18.5 കോടി രൂപയ്ക്ക് വാങ്ങിയെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക്​ വഴിയാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.

ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉൾപ്പെടെ നാല് സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നും ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്​.

'243, 244, 246 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്ത ഭൂമി മാർച്ച് 18ന് രവി മോഹൻ തിവാരിയും സുൽത്താൻ അൻസാരിയും ചേർന്ന്​ രണ്ട് കോടി രൂപയ്ക്ക്​ വാങ്ങിയിരുന്നു. ഇവിടെ ഭൂമിയുടെ അടിസ്ഥാന വില 5.8 കോടി രൂപയാണ്​. തിവാരിയും അൻസാരിയും അതേദിവസം തന്നെ രാം ജന്മഭൂമി ട്രസ്റ്റിന് ഈ ഭൂമി വിൽക്കാൻ ധാരണയിലെത്തി. 18.50 കോടി രൂപയ്ക്കാണ്​ ഇത്​ വാങ്ങിയത്​. അതിൽ 17 കോടി രൂപ ബാങ്ക്​ ​വഴി നൽകി. ഈ ഭൂമി സുപ്രധാനമായ ​​സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്​. അതിനാൽ വാങ്ങിയ വില അയോദ്ധ്യയിലെ യഥാർത്ഥ വിപണി നിരക്കിനേക്കാൾ വളരെ കുറവാണ്.​' -ക്ഷേത്ര ട്രസ്റ്റ് പ്രസ്​താവനയിൽ വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപിച്ച്​ ഉത്തർ പ്രദേശിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപയ്ക്ക്​ വാങ്ങിയ രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജന്റുമാർ മിനിട്ടുകൾ കഴിഞ്ഞ്​ അതേ ഭൂമി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്​ 18.5 കോടിക്ക് വിറ്റു. രണ്ട്​ ഇടപാടുകൾക്കുമിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ്​ അനേക കോടികളായി വർദ്ധിച്ചതെന്ന്​ വിശദീകരിക്കണമെന്നായിരുന്നു​ മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടത്​. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന നൽകിയ വിശ്വാസികളെ പറ്റിക്കുന്നത് പാപവും വിശ്വാസ വഞ്ചനയുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ ട്രസ്റ്റ് വിശദീകരണം നൽകണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ടും ആവശ്യപ്പെട്ടിരുന്നു.