അഗ്നിബാധയുടെ പശ്ചാത്തലത്തിൽ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ പദ്മനാഭസ്വാമി ക്ഷേത്രവും, വഴിപാടുകൾ നിർദ്ദേശിച്ച് ആചാര്യന്മാർ

Wednesday 16 June 2021 10:58 AM IST

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ അശുദ്ധം ഉണ്ടായതായി ദേവപ്രശ്നത്തിൽ തെളിഞ്ഞു. പൂജാദികർമ്മങ്ങളിൽ മാറ്റം വരുത്തിയത് പഴയതുപോലെ മാറ്റണമെന്നും ദേവിക്ക് ചാർത്തുന്ന സ്വർണം മോഷണം പോയതായും ഉത്സവസമയത്ത് ദേവിക്ക് ചാർത്താൻ ആനപ്പുറത്ത് കൊണ്ടുവരുന്ന കളഭം ശുദ്ധമായിരിക്കണമെന്നും ക്ഷേത്ര മേൽശാന്തി ക്ഷേത്രക്കുളത്തിൽ കുളിച്ച ശേഷമേ പൂജ നടത്താവൂ എന്നുമാണ് ദേവപ്രശ്നത്തിൽ തെളിഞ്ഞത്. പരിഹാര പൂജകളായിട്ട് ഉടൻ തന്നെ ക്ഷേത്രത്തിൽ മൃതുഞ്ജയഹോമം നടത്തണം. കൂടാതെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിലും നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിലും വഴിപാട് നടത്തണമെന്നും ദേവപ്രശ്നത്തിൽ തെളിഞ്ഞു.

ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിലാണ് ദേവപ്രശ്നം നടത്തിയത്. ആചാര്യന്മാരായ വയനാട് ശ്രീനാഥ്, മാവേലിക്കര വിഷ്ണു നമ്പൂതിരി എന്നിവരാണ് ദേവപ്രശ്നം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ദേവപ്രശ്നം ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി.

85 ലക്ഷം രൂപ അനുവദിച്ചു


ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചതായി കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തിയ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും അന്വേഷണം പൂർത്തിയായ ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement