ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്താതെ കോൺഗ്രസിന് ലക്ഷ്യത്തിലെത്താൻ സാധിക്കില്ല; സംഘട്ടനത്തിലൂടെ മുന്നോട്ട് പോകാനാകില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രൻ

Wednesday 16 June 2021 11:51 AM IST

​​​തിരുവനന്തപുരം: പ്രസിഡന്‍റ് പദവി കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. കെ പി സി സി അദ്ധ്യക്ഷപദവിയിൽ നിന്ന് പടിയിറങ്ങുന്നതിന്‍റെ ഭാഗമായി നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ കേരളത്തിലെ നേതാക്കന്മാരിൽ നിന്നും പിന്തുണ ലഭിക്കണമെന്ന വ്യവസ്ഥ മാത്രമാണ് താൻ ഹൈക്കമാൻഡിന് മുന്നിൽവച്ചത്. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദിയും കടപ്പാടുമുണ്ട്. ഐക്യവും അച്ചടക്കവും പാർട്ടിയിൽ ഉറപ്പുവരുത്താൻ ആഗ്രഹിച്ചിരുന്നുവെന്നും മുല്ലപ്പളളി വ്യക്തമാക്കി.

ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്താതെ കോൺഗ്രസിന് ലക്ഷ്യത്തിലെത്താൻ സാധിക്കില്ല. എൽ ഡി എഫിന് ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിനാണ് ലഭിച്ചത്. മഞ്ചേശ്വരം മുതൽ പാറശാല വരെ എല്ലാ മണ്ഡലങ്ങളിലും സി പി എമ്മും ബി ജെ പിയും ധാരണയുണ്ടാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിൽ ഇരുമുന്നണികൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.

സമാധാത്തോടെയാണ് കോൺഗ്രസെന്നും മുന്നോട്ട് പോയിട്ടുളളത്. സംഘട്ടനത്തിലൂടെ മുന്നോട്ട് പോകാനാകില്ല. സോഷ്യൽ ഫാസിസ്റ്റുകളും ഹൈന്ദവ ഫാസിസ്റ്റുകളും കൈകോർത്ത് പിടിച്ചിരിക്കുകയാണ്. വിജയപരാജയങ്ങളുടെ കഥയാണ് കോൺഗ്രസ് ചരിത്രം. കോൺഗ്രസ് തീർന്നുവെന്ന് പറഞ്ഞപ്പോഴൊക്കെ തിരിച്ചുവരവിന് നേതൃത്വം കൊടുത്തത് കേരളമാണെന്നും മുല്ലപ്പളളി ഓർമ്മിപ്പിച്ചു.