ഏതാണ്  ഇന്ത്യയിലടക്കം കണ്ടെത്തിയ രോഗ വ്യാപനം കൂട്ടിയ ഡെൽറ്റ വേരിയന്റിനെ തടയാനുള്ള ഫലപ്രദമായ വാക്സിൻ? വിദഗദ്ധരുടെ അഭിപ്രായം ഇങ്ങനെ

Wednesday 16 June 2021 1:13 PM IST

ന്യൂഡൽഹി : രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ കൊവിഡ് വ്യാപാനം വേഗത്തിലാക്കിയത് ജനിതക വ്യതിയാനം വന്ന വൈറസാണെന്ന് കണ്ടെത്തിയിരുന്നു. ഡെൽറ്റ എന്ന വിദഗ്ദ്ധർ വിളിപ്പേർ നൽകിയിരിക്കുന്ന ഈ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തുകയും ചെയ്തു. നിശ്ചിത കാലയളവിനകത്ത് വ്യതിയാനം സംഭവിച്ചുണ്ടാകുന്ന കൊറോണ വൈറസുകളിൽ ചിലത് ഇപ്പോൾ കണ്ടെത്തിയ വാക്സിനുകളെ പോലും മറികടക്കാൻ ശേഷിയുള്ളവയാണ്.

വാക്സിനേഷൻ വഴി ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളെ മറികടക്കാനുള്ള കഴിവാണ് ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തിന് കാരണമാകുന്നത് എന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ നിലവിലുള്ള വാക്സിനുകൾ ഡെൽറ്റയ്‌ക്കെതിരെ എത്രത്തോളം ഫലപ്രദമാണെന്ന അവകാശ വാദവും വിവിധ വാക്സിൻ നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്. വാക്സിനുകളുടെ ഫലപ്രാപ്തി ഇപ്പോഴും ലോകമെമ്പാടും പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഡെൽറ്റ വേരിയന്റിനെ ഫലപ്രദമായി നേരിടാൻ തങ്ങളുടെ വാക്സിനാവുമെന്നാണ് സ്ഫുട്നിക് വാക്സിൻ നിർമ്മാതാക്കളായ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നത്. ലോകത്ത് ആദ്യമായി കണ്ടെത്തിയ കൊവിഡ് വാക്സിനാണ് റഷ്യൻ നിർമ്മിതമായ സ്ഫുട്നിക്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ സ്ഫുട്നിക് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഈ വാക്സിൻ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്നത്. വൈകാതെ തന്നെ ഈ വാക്സിൻ ഇന്ത്യയിലും നിർമ്മിക്കും.

അതേസമയം, ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഡെൽറ്റ വൈറസുകളെ ഫൈസർ, അസ്ട്രാസെനെക്ക വാക്സിനുകൾ പ്രതിരോധിക്കുന്നതായി അവകാശപ്പെടുന്നു.


പബ്ലിക് ഹെൽത്ത് സ്‌കോട്ട്ലൻഡിലെയും യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെയും ഗവേഷകർ ഡെൽറ്റ വേരിയന്റിനെതിരെ ഈ വാക്സിനുകൾ മികച്ച സംരക്ഷണം തീർക്കുന്നതായി കണ്ടെത്തി.

ഇന്ത്യയിലെ കോവിഷീൽഡ് എന്നറിയപ്പെടുന്ന വാക്സിനാണ് ഓക്സ്‌ഫോർഡ് അസ്ട്രാസെനെക്ക. ഈ വാക്സിൻ രണ്ട് ഡോസ് എടുത്തവരിൽ ഡെൽറ്റയ്‌ക്കെതിരെ 60 ശതമാനം സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ഒരു ഡോസ് എടുത്തവരേക്കാളും രണ്ട് ഡോസ് എടുത്തവരിലാണ് കൂടുതൽ ഫലപ്രാപ്തി കാണാനായത്. അമേരിക്കയുടെ ഫൈസർ വാക്സിൻ 79 ശതമാനം വരെ ഡെൽറ്റയെ ചെറുക്കുന്നുണ്ട്.