ചിരിക്കുന്നവരെല്ലാം സ്‌നേ‌ഹിതന്മാരാണെന്ന് സുധാകരൻ കരുതരുത്; മുമ്പിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്ന് ചെന്നിത്തല, ഇതൊക്കെ താൻ അനുഭവിച്ചറിഞ്ഞതെന്ന് മുരളീധരൻ

Wednesday 16 June 2021 1:46 PM IST

തിരുവനന്തപുരം: സി പി എം തനിക്കെതിരെ നടത്തിയ വിമർശനങ്ങളിലും ആക്രമണങ്ങളിലും പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോ കിട്ടിയില്ലെന്ന പരാതി പരസ്യമായി പ്രകടിപ്പിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ദിര ഭവനിൽ കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ തന്നെ ചെന്നിത്തല ഇക്കാര്യം തുറന്നുപറഞ്ഞത്.

കേരളത്തിലെ കോ​ൺ​ഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ്. ഇന്നലത്തെ പത്രം കണ്ടപ്പോൾ തനിക്ക് വേദന തോന്നി. കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റെടുക്കുന്നത് ഇന്നു മാത്രമാണ്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി കെ പി സി സി അദ്ധ്യക്ഷനെപ്പറ്റി പറഞ്ഞത് അദ്ദേഹം ബി ജെ പിയുടെ വാലാണെന്നും ബി ജെ പിയിൽ ചേരാൻ പോകുകായണെന്നുമാണ്. അപ്പോൾ ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. കാരണം തനിക്കെതിരെ പറഞ്ഞപ്പോൾ ആരും പ്രതികരിക്കാതിരുന്നതിലെ വേദന അന്ന് തോന്നിയിരുന്നുവെന്ന് ചെന്നിത്തല വെളിപ്പെടുത്തി.

'ഓർമ്മവച്ച കാലം മുതൽ കോൺ​ഗ്രസിൽ ജീവിച്ച ഞാൻ ബി ജെ പിക്കാരനാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേ‍ർന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോർക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാൻ സുധാകരന് വേണ്ടി സംസാരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്‌താൽ നമുക്ക് എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാൽ കോൺ​ഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണ്' എന്നും ചെന്നിത്തല പറഞ്ഞു.

ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് സുധാകരൻ കരുതരുത്. മുമ്പിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് തൻ്റെ അനുഭവപാഠം. ആ പാഠം അങ്ങേയ്ക്കും ഓ‍ർമ്മയിൽ ഇരിക്കട്ടെയെന്ന് സുധാകരനെ നോക്കി ചെന്നിത്തല പറഞ്ഞു.

കണ്ണൂർ ഡി സി സി അദ്ധ്യക്ഷനായി പ്രവർത്തിച്ച മുൻപരിചയം സുധാകരനുണ്ട്. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. സുധാകരന് താത്പര്യമില്ലാതിരുന്ന ഒരാളെ കണ്ണൂർ ഡി സി സി അദ്ധ്യക്ഷനാക്കേണ്ട സാഹചര്യം താനും ഉമ്മൻ ചാണ്ടിയും പറഞ്ഞപ്പോൾ വ്യക്തിതാത്പര്യം മാറ്റിവച്ച് ആ തീരുമാനം അം​ഗീകരിച്ചയാളാണ് സുധാകരനെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

കൊവിഡ് വന്ന അവസാന രണ്ട് വ‍ർഷം ഇല്ലായിരുന്നുവെങ്കിൽ ജനവിധി മറ്റൊന്നായേനെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടേത്. ഇപ്പോഴും അഴിമതിയുടെ കഥകൾ ഒരോന്നായി പുറത്തു വരുന്നു. അനാവരണം ചെയ്യപ്പെടാത്ത നിരവധി അഴിമതികഥകൾ ഇനിയും വരാനുണ്ട്. കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി മാദ്ധ്യമങ്ങളെ മയക്കി കിടത്തിയപ്പോൾ ഇതെല്ലാം അവ​ഗണിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിൻ്റെ അറിവില്ലാതെ മരംവെട്ട് പോലുള്ള അഴിമതികൾ നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.

ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താൻ അംഗീകരിക്കുന്നുവെന്നായിരുന്നു കെ മുരളീധരൻ എം പി അതേവേദിയിൽ പറഞ്ഞത്. തനിക്ക് ഇത് പണ്ടേ മനസിലായ കാര്യമാണ്. രമേശ് ചെന്നിത്തലയ്‌ക്ക് ഇപ്പോൾ മാത്രമാണ് മനസിലായത്. ഇതൊക്കെ പണ്ടേ താൻ അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാത്തിനോടും തനിക്കൊരു നിസംഗതയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍റെയും ചെന്നിത്തലയുടേയും വാക്കുകൾ വേദിയിലും സദസിലും കൂട്ടച്ചിരി ഉയർത്തി.