കൊടകരയിലേത് ഹവാല പണമെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെ ചോദ്യം ചെയ്യണം; കുഴൽപ്പണകേസ് പ്രതികൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ബന്ധമെന്ന് ബി ഗോപാലകൃഷ്‌ണൻ

Wednesday 16 June 2021 3:30 PM IST

തൃശൂ‌ർ: കൊടകര കേസിൽ പിടിച്ചെടുത്ത പണം ഹവാലപ്പണമാണെന്ന് ആദ്യം പറഞ്ഞത് സിപിഎം ആക്‌ടിംഗ് സെക്രട്ടറിയായ എ.വിജയരാഘവനാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണൻ. അങ്ങനെ പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണമെന്നും ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

കൊടകര കേസിൽ പ്രതികൾക്ക് വിജയരാഘവനുമായി ബന്ധമുണ്ട്. വിജയരാഘവന്റെ ഭാര്യ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേസിലെ പലപ്രതികളും പങ്കെടുത്തെന്ന ആരോപണവും ബി ഗോപാലകൃഷ്‌ണൻ ഉന്നയിച്ചു.

പൊലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല കമ്മ്യൂണിസ്‌റ്റ് പീനൽ കോഡാണെന്നും അന്വേഷണസംഘം പിണറായിയുടെ പോക്കറ്റ് ബേബികളായി മാറിയെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. ഇത് കുഴൽപ്പണകേസാണോ അതോ പിണറായി കുഴലൂത്ത് കേസാണോയെന്നും ബി.ഗോപാലകൃഷ്‌ണൻ ചോദിച്ചു. മര്യാദകേട് ബിജെപിയോട് കാണിച്ചാൽ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാൽ മതിയെന്നും വിജയരാഘവനും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ബിജെപി നിയമനടപടിയെടുക്കുമെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement