വേമ്പനാട്ട് കായലിൽ വലമോഷണം വ്യാപകം, മുറിച്ച് എടുക്കുന്നത് ഇവരുടെ ജീവനോപാധിയാണ് !

Thursday 17 June 2021 12:00 AM IST

കുമരകം: വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിനായുള്ള വല മോഷണം പോകുന്നതായി വ്യാപക പരാതി. കരിമീൻ പിടിക്കുന്നതിനായി നീട്ടി ഇടുന്ന പുതിയ വലകളാണ് മുറിച്ച് എടുത്ത് കൊണ്ടുപോകുന്നത്. ഈ മാസം ഒൻപത് വലകൾ മോഷണം പോയതായി കാട്ടി മത്സ്യതൊഴിലാളികൾ കുമരകം പൊലീസിൽ പരാതി നൽകി. റാവു കെ.എസ് കുടിലിൽ , വിജീഷ് തച്ചാറത്താേപ്പ്, സൈജു തുണ്ടിയിൽ, മധു ബോസ് കണിയാംപറമ്പിൽ , ലജു മോൻ 90-ൽച്ചിറ, സുരേഷ് പള്ളത്തുശ്ശേരി, രാജേഷ് പള്ളത്തുശ്ശേരി, പൊന്നപ്പൻ നാഷ്ണണാന്തറ, വിനോദ് അരയശ്ശേരി എന്നിവരുടെ വലയാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴിന് കായലിൽ നീട്ടുന്ന 50 എം.എം മുതൽ 200 എം.എം വരെയുള്ള പുതിയ ഡിസ്കോ വലകളാണ് മോഷണം പോയവയിൽ അധികവും. രണ്ട് പേർ മത്സ്യബന്ധനത്തിനു പോകുന്ന ഒരു വള്ളത്തിൽ 50,000 രൂപയുടെ വലയാണുള്ളത്. കാറ്റും കോളും ഉണ്ടാകുന്ന സമയത്താണ് വല മോഷണം. ആദ്യം വലയിലുള്ള മീൻ എടുത്തതിനു ശേഷം വല കായലിൽ ഇട്ടിട്ട് പോകുകയായിരുന്നു പതിവ്. നിയമപരമായി ലെെസൻസുള്ള ക്ഷേമനിധി അടയ്ക്കുന്ന കർഷകർക്ക് ഫിഷറീസ് വകുപ്പിൽ നിന്ന് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇതിനിടയിൽ അനധികൃത മത്സ്യബന്ധനവും വ്യാപകമാണ്. ഇത് മത്സ്യസമ്പത്തിന് വംശനാശം സംഭവിക്കാനിടയാക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യ ലഭ്യത വളരെ കുറഞ്ഞേതോടെ നിത്യവൃത്തിക്ക് പോലും വരുമാനം ഇല്ല. ഹൃദ്രോഗിയായ എനിക്ക് മരുന്നിനു പോലും പണം ഇല്ലാത്ത അവസ്ഥയാണ്. കടം വാങ്ങിയാണ് പുതിയ വല നിർമ്മിച്ചത്. പുത്തൻ വലയുടെ പകുതി കഴിഞ്ഞ ദിവസം കായലിൽ നിന്ന് കാണാതായത് എന്റെ താെഴിൽ ഇല്ലാതാക്കിയിരിക്കുകയാണ്

മധു ബോസ് കണിയാംപറമ്പിൽ

മത്സ്യ തൊഴിലാളി

മത്സ്യത്തൊഴിലാളികളുടെ വല കായലിൽ നിന്ന് കാണാതായതായി പരാതിയുണ്ട്. വിഷയം ജില്ലാ കളക്ടറെ അറിയിക്കും. ചെറിയ നഷ്ടപരിഹാരമേ നിലവിൽ ലഭ്യമാക്കാൻ കഴിയൂ.

സി. പ്രീതി,ഫിഷറീസ് സബ് ഇൻസ്പെക്ടർ

Advertisement
Advertisement