കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനങ്ങൾക്ക് പൊതുപരീക്ഷ, ഈ വർഷം പ്രാബല്യത്തിൽ വന്നേക്കും

Thursday 17 June 2021 12:49 AM IST

ന്യൂഡൽഹി: വിവിധ കേന്ദ്ര സർവകലാശാലകളിലേക്ക് ബിരുദ - ബിരുദാനന്തര വിഷയങ്ങളിലെ പ്രവേശനത്തിന് ദേശീയതലത്തിൽ ഒറ്റപരീക്ഷ നടപ്പിലാക്കാനുള്ള കേന്ദ്രസ‌‌‌ർക്കാരിന്റെ തീരുമാനം 2021-22 അദ്ധ്യായന വർഷം പ്രാബല്യത്തിൽ വന്നേക്കും. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നി‌ർദ്ദേശങ്ങളിലൊന്നായിരുന്നു സാങ്കേതിക ഇതര ബിരുദ,​ ബിരുദാനന്തര ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ജെ.ഇ.ഇ,​ നീറ്റ് മാതൃകയിൽ ദേശീയ തലത്തിൽ പൊതുപരീക്ഷ വേണമെന്നത്. ഇതോടെ ഡൽഹി യൂണിവേഴ്സിറ്റി,​ ജെ.എൻ.യു, അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി അടക്കമുള്ളിടങ്ങളിലേക്കുള്ള പ്രവേശനത്തിന് വരുന്ന ജൂലായ് - ആഗസ്റ്റ് മാസങ്ങളിൽ പൊതു പ്രവേശനപരീക്ഷ നടക്കും.

രണ്ട് വിഭാഗങ്ങളിലാകും പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുക. പാർട്ട് എയിൽ അഭിരുചി,​ ലോജിക്കൽ റീസണിംഗ്,​ റീഡിംഗ് കോംപ്രിഹെൻഷൻ,​ വെർബൽ സ്കിൽ എന്നിവയാകും പരിശോധിക്കുക. പാർട്ട് ബി വിഷയാധിഷ്ഠിതമായിരിക്കും.

എന്നാൽ കൊവിഡ് രണ്ടാം തരംഗവും ഭാവിയിൽ ഉണ്ടാകാനിടയുള്ള മൂന്നാം തരംഗവും പൊതുപരീക്ഷയ്ക്ക് തടയിടുമോയെന്നും ആശങ്കയുണ്ട്. പൊതുപരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡൽഹി യൂണിവേഴ്സിറ്റി അടക്കമുള്ളിടങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. ജെ.എൻ.യു,​ ഡൽഹി യൂണിവേഴ്സിറ്റി അടക്കമുള്ള 95 ശതമാനം യൂണിവേഴ്സിറ്റികളും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

4 വർഷത്തെ മൾട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്സ്, എംഫിൽ നിറുത്തലാക്കൽ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാതലായ മാറ്റങ്ങൾ. 4 വർഷ ഡിഗ്രിയുടെ ഏതു വർഷവും പഠനം അവസാനിപ്പിക്കാൻ സൗകര്യം. ആദ്യ വർഷം മാത്രമെങ്കിൽ തൊഴിലധിഷ്ഠിത പഠന സർട്ടിഫിക്കറ്റ്, രണ്ടാം വർഷമെങ്കിൽ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാധിഷ്ഠിത ബിരുദം. 2025ന് മുൻപ് ഇവയെല്ലാം പ്രാബല്യത്തിൽ വരുത്തുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Advertisement
Advertisement