16 പഞ്ചായത്തുകളിൽ ഇളവ്, 37 ഇടത്ത് ഭാഗിക ഇളവ്

Thursday 17 June 2021 12:13 AM IST

* ഇടവെട്ടി പഞ്ചായത്തിൽ മാത്രം പൂർണ ലോക്ക് ഡൗൺ


തൊടുപുഴ: ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലാ ഭരണകൂടം നിയന്ത്രണം നീക്കാൻ തീരുമാനിച്ചപ്പോൾ ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിൽ ഉപാധികളോടെ ഇളവുകൾ ലഭിക്കും. 37 തദ്ദേശസ്ഥാപനങ്ങളിൽ ഭാഗിക ലോക്ക് ഡൗണായിരിക്കും. 20 ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി റേറ്റുള്ള (കാറ്റഗറി സി) ഇടവെട്ടി പ‌ഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. ഇവിടെ

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും നിയന്ത്രണങ്ങളോടെ തുറക്കാം. മുപ്പത് ശതമാനത്തിൽ കൂടുതൽ ശരാശരി ടി.പി.ആർ. ഉള്ള തദ്ദേശ സ്ഥാപനങ്ങൾ ഒന്നും തന്നെ ജില്ലയിലില്ല. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെയായ (കാറ്റഗറി എ) 16 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ഭക്ഷണശാലകളിൽ പാഴ്‌സൽ, ഹോംഡെലിവറി മാത്രം. എട്ടിനും 20 ശതമാനത്തിനുമിടയിൽ ടി.പി.ആർ ഉള്ള (കാറ്റഗറി ബി) 37 തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ക് ഡൗണുണ്ടാകും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഏഴ് വരെയും മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പ്രവർത്തിക്കാം. പകുതി ജീവനക്കാർ മാത്രം.


കാറ്റഗറി തിരിച്ച് പഞ്ചായത്തുകളും ബ്രാക്കറ്റിൽ ശരാശരി പോസിറ്റിവിറ്റി നിരക്കും

കാറ്റഗറി എ

മൂന്നാർ (7.56), ഇടമലക്കുടി (0), വട്ടവട (6.2), കൊന്നത്തടി (3.82), വാത്തിക്കുടി (6.87), കാമാക്ഷി (5.03), മരിയാപുരം (4.11), കരിങ്കുന്നം (5.71), കരിമണ്ണൂർ (6.76), രാജകുമാരി (4.98), പാമ്പാടുംപാറ (6.25), ഉടുമ്പഞ്ചോല (7.88), ഇരട്ടയാർ (1.7), കരുണാപുരം (4.86), രാജാക്കാട് (4.17), ശാന്തമ്പാറ (6.01)

കാറ്റഗറി ബി

പള്ളിവാസൽ (16.71), വെള്ളത്തൂവൽ (10.94), മറയൂർ (9.95), അടിമാലി (8.74), മാങ്കുളം (12.56), ദേവികുളം (8.94), കാന്തല്ലൂർ (9.14), കാഞ്ചിയാർ (11.06), വാഴത്തോപ്പ് (11.53), അയ്യപ്പൻകോവിൽ (15.59), കട്ടപ്പന (11.13), കഞ്ഞിക്കുഴി (8.38), ഏലപ്പാറ (19.54), ഉപ്പുതറ (9.98), പെരുവന്താനം (11.04), പീരുമേട് (18.78), കൊക്കയാർ (17.53), വണ്ടിപ്പെരിയാർ (9.79), കുമളി (13.52), വെള്ളിയാമറ്റം (12.74), കോടിക്കുളം (10.79), മണക്കാട് (18.26), കുമാരമംഗലം (11.21), വണ്ണപ്പുറം (13.07), അറക്കുളം (17.12), ആലക്കോട് (16), തൊടുപുഴ (12.39), കുടയത്തൂർ (10.88), ഉടുമ്പന്നൂർ (16.53), മുട്ടം (14.44), പുറപ്പുഴ (8.7), ചക്കുപള്ളം (18.43), ബൈസൺവാലി (14.12), നെടുങ്കണ്ടം (17.22), വണ്ടന്മേട് (19.61), ചിന്നക്കനാൽ (13.45), സേനാപതി (9.87)

കാറ്റഗറി സി

ഇടവെട്ടി (27.08)

' നിലവിൽ 20ശതമാനത്തിൽ മുകളിൽ ടി.പി.ആർ നിൽക്കുന്നത് ഇടവെട്ടി പഞ്ചായത്തിൽ മാത്രമാണ്. അവിടുത്തെ ടി.പി.ആർ കുറയ്ക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കൽ ആഫീസർ എന്നിവരുമായി സംസാരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് ഓരോ സ്ഥലത്തും നടത്തേണ്ട നിയന്ത്രണങ്ങളും ചർച്ച ചെയ്തിരുന്നു. എല്ലാ ബുധനാഴ്ച തോറും ഇത് പരിശോധിച്ച് പുതുക്കി ഉത്തരവിറക്കും"

-എച്ച്. ദിനേശൻ (ജില്ലാ കളക്ടർ)

Advertisement
Advertisement