എലി കണ്ടെത്തിയ മദ്യക്കടത്തിൽ പ്രതിയുടെ കുറ്റസമ്മതം: പറ്റിപ്പോയി സാറേ... !

Thursday 17 June 2021 12:22 AM IST

കൊച്ചി: എലി തുരന്നു വെളിച്ചത്തു കൊണ്ടുവന്ന 'മദ്യക്കടത്തിൽ' കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി. തപാൽ വകുപ്പിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ 'റിസ്‌ക്' എടുത്ത് സഹായിച്ചയാളെ കണ്ടെത്തിയത്. താനാണ് മദ്യം അയച്ചതെന്നും കുറ്റത്തിന്റെ ഗൗരവം മനസിലാകാത്തതിനാൽ പറ്റിപ്പോയതാണെന്നും ഫോണിലൂടെ ഇയാൾ മൊഴി നൽകി. എറണാകുളത്തെ സുഹൃത്തിന്റെ വിവരങ്ങൾ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. രണ്ടുപേരും കേസിൽ പ്രതികളാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എലി തുരന്ന പാഴ്സലിലെ മദ്യക്കുപ്പികൾ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്. 8 പി​.എം ബ്രാൻഡി​യുടെ മൂന്ന് പൈന്റ് കുപ്പി​കളും ടച്ചിംഗ്‌സായി മിക്സ്ചറുമായിരുന്നു പെട്ടിയിൽ. മിക്‌സചറിന്റെ മണം പിടിച്ചെടുത്ത എലിയാണ് പെട്ടിതുരുന്ന് മദ്യക്കടത്ത് പൊളിച്ചത്. കസ്റ്റഡിയിലെടുത്ത മദ്യവും പെട്ടിയും ഇന്നലെ കോടതിയിൽ ഹാജരാക്കി. ആളെ കുടുക്കാൻ ചെയ്ത പണിയാണോ ഇതെന്നതടക്കം പൊലീസ് പരിശോധിക്കും.

തുടർ നടപടി  എറണാകുളത്തുകാരനെ ചോദ്യം ചെയ്യും

 തപാൽ വകുപ്പ് ജീവനക്കാരുടെ മൊഴിയെടുക്കും

 ബംഗളൂരു തപാൽ ഓഫീസിലെ ദൃശ്യങ്ങൾ ശേഖരിക്കും

 പാഴ്സൽ അയച്ചയാളെ കൊച്ചിയിൽ എത്തിച്ചോ ബംഗളൂരുവി​ലെത്തിയോ ചോദ്യം ചെയ്യും

 വിശദമായ അന്വേഷണത്തിനു ശേഷം അറസ്റ്റ്

 വകുപ്പ് 58

സംസ്ഥാനത്ത് വിൽക്കാൻ അനുവാദമില്ലാത്ത മദ്യം കടത്താൻ ശ്രമിച്ചതിന് എക്സൈസ് നിയമം 58 വകുപ്പ് ചുമത്തിയാണ് കേസ്. ഒരു ലക്ഷം രൂപ പിഴയും 10 വർഷം തടവും വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

''തപാൽ മാർഗം മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിശദമായ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം.

-ടി.എ.അശോക് കുമാ‌‌ർ, ഡെപ്യൂട്ടി കമ്മിഷണ‌ർ എക്സൈസ്,കൊച്ചി