കുൽഭൂഷൺ കേസ് : വാദം ഒക്ടോബറിലേക്ക് മാറ്റി

Thursday 17 June 2021 2:36 AM IST

ഇസ്ലാമാബാദ്:ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനായി അഭിഭാഷകനെ നിയമിക്കണമെന്ന സർക്കാരിന്റെ അപേക്ഷയിൽ വാദം കേൾക്കുന്നത് ഒക്ടോബർ 5 വരെ മാറ്റിവച്ച് പാകിസ്ഥാൻ കോടതി. ചൊവ്വാഴ്ചയാണ് കേസ് പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കോടതി, പാകിസ്ഥാൻ അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാന്റെ അഭ്യർഥന പ്രകാരം അപേക്ഷയിൽ വാദം കേൾക്കുന്നത് ഒക്ടോബർ 5 വരെ മാറ്റിവയ്ക്കുകയായിരുന്നു. ഈ തീയതിയിൽ കോടതിയിൽ ഹാജരാകാൻ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭിഭാഷകന് കോടതി നോട്ടീസ് നല്കിയിട്ടുണ്ട്.

കേസിൽ മെയ് 7ന് വാദം കേട്ട ഇസ്ലാമാബാദ് ഹൈക്കോടതി ബെഞ്ച്, ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാൻ ജൂൺ 15 വരെ ഇന്ത്യക്ക് സമയം നല്കിയിരുന്നു. എന്നാൽ, ജാദവിന് വേണ്ടി പാകിസ്ഥാൻ കോടതിയിൽ അഭിഭാഷകൻ ഹാജരാകുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ മറികടക്കലാകുമെന്ന് ഇന്ത്യ അറിയിച്ചതായി ഖാലിദ് ജാവേദ് ഖാൻ കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐ.സി.ജെ.)യുടെ റിവ്യൂ ആൻഡ് റീകൺസിഡെറേഷൻ ഓർഡിനൻസ് പാകിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചതോടെ ജാദവിന് കേസിൽ അപ്പീൽ നല്കാൻ അവസരമുണ്ടെന്നും നിയമപരമായി അർഹതപ്പെട്ട അവകാശങ്ങൾ ഉറപ്പുവരുത്താൻ വേണ്ടിയാണ് ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിലെ നിയമ നടപടികളിൽ ഇന്ത്യയുടെ നിലപാട് കോടതിയിൽ ഹാജരായി രേഖാ മൂലം അറിയിക്കാവുന്നതാണെന്നും ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച കുൽഭൂഷൺ 2016ൽ ബലൂചിസ്താൻ പ്രവിശ്യയിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. 2017ലാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷവിധിച്ചത്. എന്നാൽ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച അന്താരാഷ്ട്ര നീതി ന്യായ കോടതി 2019 ജൂലൈയിൽ വധശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

Advertisement
Advertisement