എന്നും കതിരണിഞ്ഞ്

Thursday 17 June 2021 4:03 AM IST

അണ്ണൻ​ എന്നുമാത്രം പറഞ്ഞാൽ തിരുവനന്തപുരത്തെ സാഹിത്യപ്രേമികൾക്ക് അത് പഴവിള രമേശനാണ്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും അന്നംനൽകി ആഹ്ളാദിപ്പിക്കുകയായിരുന്നു വിനോദം. സാഹിത്യ സാസ്കാരികരംഗത്തുള്ളവർ മാത്രമല്ല,​ വ്യവസായികളും രാഷ്ട്രീയപ്രമുഖരുമെല്ലാം അതിൽപ്പെടും. മുഖ്യമന്ത്രിയെന്നോ കേന്ദ്രമന്തിയെന്നോ ചുമട്ടുതൊഴിലാളിയെന്നോ ഭേദമില്ല. എല്ലാവരും സുഹൃത്തുക്കളാണ് ...

1936 മാർച്ച് 29ന് കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ ജനിച്ച രമേശൻ 2019 ജൂൺ 13 ന് വിടപറയും വരെയും വാണിരുന്നത് സൗഹൃദങ്ങളുടെ രാജശില്പി ആയാണ്. ലിബറൽ, റാഡിക്കൽ,​ ഇന്റലക്ച്വൽ എന്നീ വിശേഷണങ്ങൾ ചതഞ്ഞുപോയ ഇക്കാലത്ത് അതെല്ലാം ചേർന്ന ഒരു മനുഷ്യനെ കാണാൻ പഴവിള രമേശനെ സങ്കല്പിച്ചാൽ മതിയാവും. വഴക്കിടാൻ സദാ സന്നദ്ധനായിരിക്കുന്ന പഴവിള രമേശന് ഇത്രയും വിസ്‌തൃതമായ സൗഹൃദം അതിന്റെ എല്ലാ ആഡംബരങ്ങളോടും നിലനിറുത്താൻ എങ്ങനെ കഴിഞ്ഞു എന്ന് അടുത്തറിയാവുന്നവരെല്ലാം ചിന്തിച്ചിട്ടുണ്ടാവും. അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം പങ്കിടാൻ കഴിയുന്ന വിശാലമായ ഒരിടം ആ പരുക്കൻ സ്വാഭാവത്തിനുള്ളിൽ നിറഞ്ഞുനിന്നിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ വഴക്കിട്ടിട്ടുള്ളത് ആരോടെന്നു ചോദിച്ചാൽ രമേശണ്ണനോടാണെന്ന് നിസംശയം പറയാനാവും. അതിന്റെ അലോസരങ്ങളൊന്നും മറച്ചുപിടിക്കുകയുമില്ല. അടുത്ത ദിവസം അതിനേക്കാൾ സ്നേഹത്തോടെ വർത്തമാനം പറഞ്ഞുതുടങ്ങും.

വീട് എന്ന വാക്കിന് ഇത്രയും ധന്യമായ അർത്ഥമുണ്ടെന്ന് അറിഞ്ഞത് രമേശണ്ണന്റെ അരികിലിരിക്കുമ്പോഴാണ്. അതൊരു സ്ഥാവരവസ്തു ആയിരുന്നില്ല. അതിരുകളില്ലാത്ത മനസായിരുന്നു. അതിനുള്ളിലിരിക്കുമ്പോൾ കാലദേശങ്ങൾ അപ്രസക്തമാവും. അങ്ങനെ നേരം പാതിരാവു പിന്നിടുന്നതും ഉറക്കം മറന്ന പുലരിയിലേക്ക് അത് ചെന്നടുക്കുന്നതും മറന്നുപോയിട്ടുണ്ട്. പലപ്പോഴും വീട്ടിൽനിന്ന് വിളി വരുമ്പോഴാവും നേരം അത്രയും കടന്നുപോയെന്ന് അറിയുന്നത്. അഗ്നിയാവണമെനിക്കാളിക്കത്തണം എന്ന് പാടുക മാത്രമല്ല,​ അങ്ങനെ ജീവിക്കുക കൂടി ചെയ്ത കവിയാണ് പഴവിള രമേശൻ. അതിന് എന്നും കൂട്ടായിരുന്നു ഭാര്യ രാധ. മക്കൾ സൂര്യയും സൗമ്യയും രമേശണ്ണന് കൂട്ടുകാരായിരുന്നു. തിരുവനന്തപുരത്ത് പനവിളയിലുള്ള ഇരുനിലവീട്ടിന്റെ മുകളിലത്തെ നിലയിലാണ് പ്രധാന കവാടം. അഗതികൾക്കു കൂടി അഭയമായിരുന്ന ആ വീട് വിൽക്കേണ്ട സാഹചര്യവും വന്നുചേർന്നു. അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അതിഥികളെ സത്‌കരിച്ച പണം കരുതിവച്ചിരുന്നെങ്കിൽ ഒരു ഫ്ലാറ്റ് പണിയാമായിരുന്നെന്ന് അദ്ദേഹം ചിന്തിച്ചില്ല. സത്‌കരിക്കാനുള്ള മനസ് അതിനെല്ലാം മുകളിലായിരുന്നു. ഇത്രയേറെ വൈവിദ്ധ്യവും രുചിയുമുള്ള ഭക്ഷണം വച്ചുവിളമ്പുന്നതിൽ രാധച്ചേച്ചി പുലർത്തിയിരുന്ന ശുഷ്കാന്തി വാക്കുകൾക്കതീതമാണ്. എപ്പോഴും ചിരിതൂകി നിന്ന രാധച്ചേച്ചിയെ രമേശണ്ണന്റെ അസുഖങ്ങൾ ദുഃഖത്താൽ വരട്ടുന്നതും ഒരു വസന്തം കൊടുങ്കാറ്റിൽ ഉലയുന്നതും കണ്ടുകൊണ്ടാണ് അവസാന നാളുകൾ കടന്നുപോയത്. അപ്പോഴും ഉലഞ്ഞുപോയിരുന്നില്ല പഴവിളയുടെ മനസ്. ജീവിതത്തിന് പുതിയ അർത്ഥങ്ങൾ ചമച്ചുകൊണ്ട് ആ സാന്നിദ്ധ്യം വാടാതെ നിന്നു; ഒടുവിൽ കൊഴിഞ്ഞു പോകും വരെ.

മുക്തഛന്ദസിന്റെ വഴിയേ

കവിതയിൽ മുക്തഛന്ദസിന്റെ വഴിയേ സഞ്ചരിച്ച പഴവിള രമേശൻ ജീവിതത്തിലും ഛന്ദോമുക്തനായിരുന്നു. വയലാറും പി.ഭാസ്കരനും ഒ.എൻ.വിയും കളംനിറഞ്ഞു നിന്നിരുന്ന കാലത്താണ് ചങ്ങമ്പുഴ സ്കൂളിൽ നിന്ന് കുതറിമാറി സഞ്ചരിക്കാൻ തീരുമാനിച്ച പഴവിള രമേശൻ കവിതയുടെ പുതിയ ജാലകം തുറന്നത്. ദേഷ്യം വന്നാൽ കവിത എഴുതി സമാധാനിക്കുന്ന പ്രകൃതമായിരുന്നില്ല പഴവിളയുടേത്. നേരിട്ട് വിളിച്ചോ, അടുത്തിരിക്കുന്നവരോട് പറഞ്ഞോ അത് തീർക്കും. എന്നിട്ടും തീർന്നില്ലെങ്കിൽ ഒരു കവിത കൂടി എഴുതി കലി അടക്കും. ആരെക്കുറിച്ചാണെന്ന് മനസിലായില്ലെങ്കിൽ അത് വിവരിച്ച് വ്യക്തമാക്കും.

ബുദ്ധന്റെ സ്വഭാവങ്ങൾ പ്രകടമായിരുന്നില്ലെങ്കിലും ശ്രീബുദ്ധനെയായിരുന്നു ഏറെ ഇഷ്ടം. പല തരത്തിലുള്ള ബുദ്ധവിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. ബുദ്ധദർശനത്തിൽ കാതലായ അറിവും നേടിയിരുന്നു. പുസ്തകങ്ങളായിരുന്നു പഴവിളയുടെ നിത്യകാമുകി. ലോകത്തെവിടെയും കിട്ടുന്ന ഈടുറ്റ പുസ്തകങ്ങളെല്ലാം പഴവിളയുടെ കിടക്കയ്ക്കരികിൽ എത്തുമായിരുന്നു. അതെത്തിക്കാൻ ലോകമെമ്പാടും മലയാളി സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്.

സ്നേഹിക്കുക, വഴക്കിടുക, തള്ളിപ്പറയുക. പിന്നെയും സ്നേഹിക്കുക, പ്രശംസിക്കുക, സത്‌കരിച്ച് സന്തോഷിപ്പിക്കുക അതായിരുന്നു പഴവിള രമേശന്റെ സ്റ്റൈൽ. ഒന്നിനും വിട്ടുവീഴ്ച പ്രതീക്ഷിക്കരുത്. അത് പഴവിളയുടെ വേദപുസ്തകത്തിലില്ല. ദൂരെനിന്ന് ഏതെങ്കിലും സുഹൃത്തുക്കളെത്തുമ്പോൾ എന്നെയും വീട്ടിലേക്ക് വിളിക്കുക പതിവായിരുന്നു. സംഗീത സംവിധായകൻ രവീന്ദ്രനും പഴവിള രമേശനുമൊപ്പം ഒരു രാത്രി മുഴുവൻ തിരുവനന്തപുരത്ത് അലഞ്ഞതിന്റെ ലഹരി ഇപ്പോഴും വിട്ടുപോയിട്ടില്ല. ആരെയും കൂസാത്ത രണ്ടു പുലികൾ കവിതയും സംഗീതവുമായി. അവർക്കൊപ്പം കൗതുകച്ചെപ്പു തുറന്ന് ഞാനും. ഹോട്ടലുകളിലും ക്ലബ്ബുകളിലും വാഹനത്തിലുമായുള്ള ആ സഞ്ചാരത്തിൽ എന്തെന്തു കഥകളാണ് ഇരുവരിൽനിന്നും കേട്ടത്. മുണ്ട് മടക്കിക്കുത്തിയായിരുന്നു രവീന്ദ്രൻ മാഷിന്റെ സഞ്ചാരം.

ഞാനെന്റെ കാടുകളിലേക്ക്, മഴയുടെ ജാലകം,​ പഴവിള രമേശന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും മായാത്ത വരകൾ, ഓർമ്മകളുടെ വർത്തമാനം, നേർവര എന്നീ ലേഖന സമാഹാരങ്ങളുമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം’, ‘സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ’, ‘ഇടയരാഗ രമണ ദുഃഖം ഇടറുന്ന ഹൃദയം’, ‘അമ്പിളിക്കലയൊരു നൊമ്പരപ്പാടോ’ തുടങ്ങി ഇരുപതോളം ഗാനങ്ങളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു.

കടിഞ്ഞാണില്ലാത്ത കുതിരയാകാനായിരുന്നു പഴവിളയ്ക്കിഷ്ടം. പ്രമേഹത്തിന്റെ കാഠിന്യത്തിൽ ഒരു കാൽ നഷ്ടപ്പെട്ടപ്പോഴും തളർന്നിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമതു വാങ്ങിയ നളന്ദയിലെ വീട്ടിൽ കിടക്കയ്ക്കു ചുറ്റും പുസ്തകങ്ങളുമായി കഴിഞ്ഞ പഴവിള ലോകത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. സുഹൃത്തുക്കളെ സത്കരിച്ചും അവരോട് വഴക്കിട്ടും ജീവിതത്തെ ലോക്ക്ഡൗണിൽനിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലോകത്തെ മികച്ച സാഹിത്യകൃതികൾ വാങ്ങി വായിക്കുകയും അതിനെക്കുറിച്ച് സാഹിത്യപ്രേമികളോട് സംസാരിക്കുകയുമായിരുന്നു സത്‌കാരവിനോദത്തിന്റെ രുചിക്കൂട്ട്. നടക്കാനുള്ള സൗകര്യം നഷ്ടമായതോടെ അതിന്റെ ദൈർഘ്യം വർദ്ധിച്ചു. എപ്പോഴും വിരുന്നുകാരുള്ള വീടായി മാറി പഴവിളയുടെ വസതി. അസുഖമറിയാൻ എത്തുന്നവർക്ക് പ്രവേശനമില്ല, നിങ്ങൾ വിരുന്നുകാർ എന്ന് മുഖത്ത് എഴുതിവച്ചിരിക്കും പോലെയാണ് ആ ഭാവം. ചിരിയും ചിന്തയും കലഹവും സമപാകത്തിൽ ചാലിച്ച പൂമുഖത്തേക്ക് എല്ലാവർക്കും എപ്പോഴും സ്വാഗതം. അങ്ങനെയൊരു വീട് ഈ ഭൂമിയിൽ വിരളമായിരിക്കും. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഒന്നുമില്ലാതിരിക്കുമ്പോഴും പഴവിളയുടെ വീടിന്റെ വാതിൽ തുറന്നിരിപ്പുണ്ടാവും. എന്നും കതിരണിഞ്ഞു നിൽക്കുന്ന നെൽപ്പാടംപോലെ ഒരു കവി. ഇപ്പോഴും ആ സാന്നിദ്ധ്യം അറിയുന്നു. അതിന്റെ മൂല്യവും വ്യാപ്തിയും കാണുന്നു. കൂട്ടുകൂടലിന്റെ ആ കാവ്യസാന്നിദ്ധ്യം പൊലിഞ്ഞിട്ട് രണ്ടു വർഷം പിന്നിടുന്നു. പരലോകത്ത് ഇപ്പോൾ മഹാകവി കുഞ്ചൻനമ്പ്യാരും രജനീഷും വയലാറും ചങ്ങമ്പുഴയുമെല്ലാം ചേർന്ന് സത്കാരത്തിന്റെ ജാലകം തുറന്ന് ചിയേഴ്സ് പറയുകയാവും. ഇടയ്ക്കിടെ ഇങ്ങു ഭൂമിയിലേക്കു നോക്കി രാധേ, എന്ന് നീട്ടി വിളിക്കുന്നുണ്ടാവും.

Advertisement
Advertisement