പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരിക്കും ഗുരുതര പരിക്ക്, പിതാവിന്‍റെ കടയ്‌ക്ക് തീവച്ചു

Thursday 17 June 2021 11:17 AM IST

മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. എളാട് സ്വദേശി ദ്യശ്യയാണ് മരിച്ചത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ സഹോദരിക്കും കുത്തേറ്റു. പരിക്കുകളോടെ സഹോദരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദൃശ്യയുടെ വീടിന്‍റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. പെൺകുട്ടികളുടെ അച്ഛന്‍റെ കട ഇന്നലെ കത്തിയിരുന്നു . ഇതിനുപിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.

പ്രതിയെ കുന്നക്കാവ് വച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. സഹോദരി അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയും നടക്കുന്നുണ്ട്.