നദിയിൽ ഒഴുകിക്കിട്ട പെട്ടിയിൽ നിന്ന് പെൺകുഞ്ഞ്, ഒപ്പം ജാതകവും

Friday 18 June 2021 12:04 PM IST

മുംബയ്: ഗംഗാനദിയിൽ ഒഴുകി നടക്കുന്ന മരം കൊണ്ടുണ്ടാക്കിയ പെട്ടി. അതിനകത്തു നിന്നൊരു കരച്ചിൽ. തുറന്നു നോക്കിയവർ ഞെട്ടി. ചുവന്ന പട്ടിൽ പൊതിഞ്ഞ് ഓമനത്തമുള്ളൊരു പെൺകുഞ്ഞ്. 21 ദിവസം പ്രായമുള്ള നവജാതശിശു. കുട്ടിയെ രക്ഷിച്ച പൊലീസ് ആശാജ്യോതി കേന്ദ്ര അനാഥായത്തിൽ ഏല്പിച്ചു.

ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടിൽനിന്ന് പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.

ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞുളളത് ഗുല്ലു കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജാതകവും പെട്ടിക്കുള്ളിലുണ്ടായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മാതാപിതാക്കളെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.

Advertisement
Advertisement