കുടുംബത്തെ നഷ്ടപ്പെട്ട വിപിനിന് സാന്ത്വനവുമായി എസ്.യു.ടി ആശുപത്രി; കേരളകൗമുദി വാർത്ത തുണച്ചു

Friday 18 June 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വലിയവിള നല്ലിയൂർക്കോണം സ്വദേശി ടി. അശോകന്റെയും കുടുംബത്തിന്റെയും ചികിത്സാ ചെലവ് ഒഴിവാക്കി നൽകി എസ്.യു.ടി ആശുപത്രിയുടെ നന്മ. അച്ഛനെയും അമ്മയെയും സഹോദരിയെയും വിധി മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തതിന്റെ വേദന മാറാത്ത വിപിനിന് ആശുപത്രിയിലെ ബിൽ തുകയുടെ ബാക്കി കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട. കുടുംബത്തെ നഷ്ടപ്പെട്ട വിപിനിനെക്കുറിച്ച് കേരളകൗമുദി വ്യാഴാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വായിച്ച എസ്.യു.ടി ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളിയാണ് ബിൽ തുകയിൽ ഇളവ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. അശോകനും ഭാര്യ ലില്ലിക്കുട്ടിയും മകൾ വിജിയും കൊവിഡ് ബാധിച്ച് എസ്.യു.ടി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. മേയ് 30ന് അശോകൻ മരിച്ചു. ഈ മാസം 12ന് വിജിയും രണ്ട് ദിവസത്തിന് ശേഷം ലില്ലിക്കുട്ടിയും യാത്രയായി. പൂർണ ഗർഭിണിയായിരുന്ന വിജിയുടെ സിസേറിയനും ഇവിടെയായിരുന്നു നടന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ആശുപത്രി ചെലവ് മുഴുവനും കൊടുത്തുതീർക്കാനായിരുന്നില്ല. ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മടികൂടാതെ ആശുപത്രി മൃതദേഹങ്ങൾ വിട്ടുകൊടുക്കുകയും ചെയ്തു. ഈ തുകയാണ് ഇനി നൽകേണ്ടെന്ന് ആശുപത്രി അറിയിച്ചിരിക്കുന്നത്. അശോകന്റെ മൂത്ത മകൻ വിപിൻ മാത്രമാണ് ഇനി വീട്ടിലുള്ളത്. രണ്ട് സെന്റിലെ ഇവരുടെ വീടും സഹകരണ ബാങ്കിൽ പണയത്തിലാണ്. കുടുംബത്തെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും ഓട്ടോഡ്രൈവറായ വിപിനിന് തെല്ല് ആശ്വാസം നൽകുന്നതാണ് എസ്.യു.ടി ആശുപത്രിയുടെ നടപടി.

Advertisement
Advertisement