ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഗോവ മുന്നിൽ,​ കേരളം അഞ്ചാമത്,​ പിന്നിൽ ഉത്തർപ്രദേശ്

Thursday 17 June 2021 10:49 PM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ പ്രക്രിയയിൽ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവരുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യഡോസ് വിതരണം ചെയ്ത സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാംസ്ഥാനത്തുള്ളത്. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഗോവൻ ജനസംഖ്യയിലെ 37.35 ശതമാനത്തിൽ അധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

.

വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമാണ് രണ്ടാം സ്ഥാനത്ത്. 37.29 ശതമാനം പേരാണ് സിക്കിമിൽ വാക്‌സിന്റെ ഒന്നാംഡോസ് സ്വീകരിച്ചത്. കേരളം അഞ്ചാം സ്ഥാനത്താണ്. ഇതുവരെ 26.23 ശതമാനം പേരാണ് സംസ്ഥാനത്ത് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്. മൂന്നാംസ്ഥാനത്ത് ഹിമാചൽ പ്രദേശും നാലാംസ്ഥാനത്ത് ത്രിപുരയുമാണ്. ഹിമാചൽ പ്രദേശിൽ 30.35% പേരും ത്രിപുരയിൽ 29.07% പേരുമാണ് ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഗുജറാത്തും ​ 25.69%, ഡൽഹിയുമാണ് - 25.39% ആറ്, ഏഴ് സ്ഥാനങ്ങളിൽ. ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ ഉത്തർ പ്രദേശാണ്. വെറും 8.53 ശതതമാനം പേർക്കാണ് ഉത്തർ പ്രദേശ് ആദ്യഡോസ് വാക്‌സിൻ നൽകിയിട്ടുള്ളത്. ബിഹാറാണ് ഉത്തർപ്രദേശിന് തൊട്ടുമുന്നിൽ. 8.61 ശതമാനം പേർക്കാണ് ബിഹാറിൽ ആദ്യഡോസ് വാക്‌സിൻ ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിൽ ഇതുവരെ 21.58 കോടിയിൽ അധികം ഡോസ് വാക്‌സിനാണ് നൽകിയിരിക്കുന്നത്. രണ്ട് ഡോസുകളും നൽകിയവരുടെ പട്ടികയിൽ ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് മുന്നിൽ. ജനസംഖ്യയിൽ 13 ശതമാനത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. ലക്ഷദ്വീപിൽ പത്തുശതമാനം പേർക്കാണ് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുള്ളത്.