കാട്ടാക്കടയിൽ കുട്ടികളെ പൊലീസ് മർദ്ദിച്ച സംഭവം: നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

Friday 18 June 2021 1:04 AM IST

കാട്ടാക്കട: വീടിനടുത്തുള്ള ക്ഷേത്രവളപ്പിലിരുന്ന് മൊബൈൽ ഫോൺ വഴി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്.ഐയും ഗ്രേഡ് എസ്.ഐയും ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. റേഞ്ച് ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിനിന്റെ ഉത്തരവ് പ്രകാരം എസ്.ഐ ടി. അനീഷ്, ഗ്രേഡ് എസ്.ഐ പി. സുരേഷ്‌ കുമാർ, സി.പി.ഒമാരായ ബിനു, വി.എസ്. അനുരാഗ് എന്നിവർക്കെതിരെയാണ് നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൊലീസ് പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തത് കുറ്റകരമായ അനാസ്ഥയെന്ന് ഉത്തരവിൽ പറയുന്നു. ഇക്കഴിഞ്ഞ 6നാണ് കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ യോഗീശ്വരസ്വാമി ക്ഷേത്രവളപ്പിൽ കൂടിയിരുന്ന നാല് കുട്ടികളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടി എതിർത്ത കുട്ടികളെ കേബിൾ വയർ കൊണ്ട് പൊലീസ് മർദ്ദിച്ചിരുന്നു. സംഭവം വിവാദമായതോടെ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സ്ഥലത്തെത്തി കുട്ടികളിൽ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതിവാങ്ങി ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Advertisement
Advertisement