പൈപ്പ് പൊട്ടൽ..., കനിയണം പൊതുമരാമത്ത്

Friday 18 June 2021 12:04 AM IST

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി കേളമംഗലം ഭാഗത്ത്, ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റാനാവുന്നില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഭാഗത്തെ ഒന്നര കിലോമീറ്ററിൽ റോഡ് പൊളിക്കാനായി യൂഡിസ്മാറ്റ് അധികൃതർ അപേക്ഷ നൽകിയത്.

ഇവിടെ പൈപ്പ് തുടർച്ചയായി പൊട്ടുന്നതുമൂലം ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിൽ 1524 മീറ്റർ പൈപ്പ് മാറ്റാനാണ് മന്ത്രിതല ചർച്ചയിൽ തീരുമാനിച്ചത്. റോഡ് പൊളിക്കുന്നതിനുള്ള അനുമതി കിട്ടാത്തതിനാൽ ജോലി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഉൾപ്പെടെ 58-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇപ്പോഴും പമ്പിംഗ് പുന:സ്ഥാപിച്ചിട്ടില്ല. പൊട്ടൽ തുടർക്കഥ ആയതോടെ ഈ ഭാഗത്തെ പൈപ്പ് മാറ്റാൻ സംസ്ഥാന സർക്കാർ ആദ്യം 9 കോടിയാണ് അനുവദിച്ചത്. പിന്നീട്, തകഴി ജംഗ്ഷനിൽ നിന്നാരംഭിച്ച് തകഴി ക്ഷേത്രം വഴി ആശുപത്രി ജംഗ്ഷൻ വരെ 2100 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് നിലവിലെ പ്രശ്‌നം പരിഹരിക്കാനും റോഡ് തകരാർ പരിഹരിക്കാനുമായി 15.31കോടി അനുവദിച്ചു. വാട്ടർ അതോറിട്ടി എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടി ആരംഭിച്ചതോടെ യൂഡിസ്മാറ്റ് പദ്ധതി ഏറ്റെടുത്ത കരാറുകാര!ൻ സ്വന്തം ചെലവിൽ ആദ്യ കരാർ ധാരണപ്രകാരം, ഗുണനിലവാരം കുറഞ്ഞ 1524 മീറ്റർ പൈപ്പ് മാറ്റിയിടാൻ താല്പര്യവുമായി രംഗത്തെത്തി. കരാറുകാരൻ ഇത്രയും മീറ്റർ നീളത്തിലുള്ള എം.എസ് പൈപ്പ് കരാറുകാരൻ പത്തുമാസം മുമ്പ് എത്തിച്ചു.

 ശരിയല്ല അവസ്ഥ

സൈറ്റ് ലൈനിംഗ് പൂർത്തീകരിച്ചതോടെ 2020 മാർച്ചിൽ ജോലികൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. കൊവിഡ് ഇളവുകൾ വന്നിട്ടും റോഡ് പൊളിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല, ഇതോടെ തുടർ പ്രവർത്തനം നിശ്ചലമായി. മഴക്കാലമായതിനാൽ പ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജോലി ആരംഭിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കഴിയെടുത്ത് വേണം സ്ഥാപിക്കാൻ. മഴയായതിനാൽ കുഴിയിൽ വെള്ളം ഉണ്ടാകുമെന്നതിനാൽ തടസമാകും.

 വേണം ബദൽ

പൈപ്പ് മാറ്റുമ്പോൾ രണ്ടു മാസം കരുമാടിയിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടി വരും. പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ബദൽ സംവിധാനം ഇല്ലെങ്കിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകും. കൊവിഡ് കാലമായതിനാൽ അയൽവാസികൾ പോലും വെള്ളം നൽകില്ല. ഇങ്ങനെയുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. പ്രതിദിനം വേണ്ടത് 40 ദശലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടത്. നിലവിൽ കരുമാടിയിൽ നിന്ന് 16 ദശലക്ഷം ലിറ്ററും വിവിധ കുഴൽ കിണറുകളിൽ നിന്ന് എട്ട് ദശലക്ഷം ലിറ്ററുമാണ് വിതരണം ചെയ്യുന്നത്. 16 ദശലക്ഷം ലിറ്ററിന്റെ കുറവ്. ഇത് നഗരത്തിൽ പ്രവർത്തിക്കുന്ന 30ൽ അധികം സ്വകാര്യ ആർ.ഒ പ്‌ളാന്റുകളുടെ കച്ചവടത്തിന് തുണയാകുന്നു.

............................

പൈപ്പ് സ്ഥാപിക്കാനായി കഴിഞ്ഞ ഒക്ടോബറിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്കായി കത്ത് നൽകി. പ്രതികൂല സാഹചര്യങ്ങളും തടസമായി നിൽക്കു

കയാണ്

പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്

Advertisement
Advertisement