മെഡി. ആശുപത്രിയിലെ പേ വാർഡ്... മണ്ണ് പരിശോധനാഫലം ലഭിച്ചാലുടൻ ടെൻഡർ

Friday 18 June 2021 12:05 AM IST

ആലപ്പുഴ: മണ്ണുപരിശോധനാ റിപ്പോർട്ടിന്റെ ഫലം ലഭിച്ചാലുടൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ പേ വാർഡ് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. മോർച്ചറി കെട്ടിടത്തിന് പടിഞ്ഞാറുഭാഗത്ത് 30 കോടി ചെലവഴിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി നിർമ്മിക്കുന്ന പുതിയ ബ്‌ളോക്കിന് മുന്നിലാണ് പേവാർഡ് കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 4.86 കോടിയാണ് ഇതിന് ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പുതന്നെ മണ്ണ് പരിശോധന പൂർത്തിയാക്കാനായി. മൊത്തം അഞ്ച് നിലയാണെങ്കിലും ആദ്യഘട്ടത്തിൽ മൂന്ന് നിലയാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 13 മുറികൾ വീതം 65 മുറികളുണ്ടാവും. വി.ഐ.പികൾ ഉൾപ്പെടെയുള്ളവർ അടിയന്തരഘട്ടത്തിൽ എത്തിയാൽ ചികിത്സ നൽകാൻ കഴിയുന്ന സിക്ക് റൂം പോലും ഇല്ലാത്ത അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ഫെബ്രുവരിയിൽ ജി. സുധാകരനാണ് നിർമ്മാണോദ്ഘാടനം നടന്നത്. സ്ഥലം അനുവദിച്ചു നൽകുന്നതിലുണ്ടായ കാലതാമസം മണ്ണ് പരിശോധന വൈകിപ്പിക്കുകയായിരുന്നു.

ഹൗസിംഗ് ബോർഡിന്റെ നേതൃത്വത്തിൽ മറ്റൊരു പേവാർഡ് ബ്‌ളോക്ക് നിർമ്മിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. പി.ജി ക്വാർട്ടേഴ്‌സിന് സമീപത്താണിത്. പണം കൊടുത്ത് ഉപയോഗിക്കാൻ പറ്റുന്ന മുറികളുള്ള വാർഡ് ഇല്ലാത്ത ഏക സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആലപ്പുഴയിലേത്. എല്ലാ രോഗികളും ജനറൽ വാർഡിലാണ് കഴിയുന്നത്.

പേ വാർഡ് അടിച്ചുമാറ്റി!

2009ൽ ആലപ്പുഴ നഗരത്തിൽ നിന്ന് ആശുപത്രിയുടെ പ്രവർത്തനം പൂർണമായും വണ്ടാനത്തേക്ക് മാറ്റിയപ്പോൾ, പേ വാർഡിനായി മുമ്പ് തയ്യാറാക്കിയ മുറികൾ അസ്ഥി, നേത്രരോഗ വിഭാഗങ്ങൾക്കു വേണ്ടി മാറ്റി. ജെ വൺ, ജെ ടു, ജെ ത്രീ ബ്‌ളോക്കുകളിലെ മൂന്നും നാലും നിലകളിലാണ് പേവാർഡ് ഒരുക്കാൻ തീരുമാനിച്ചിരുന്നത്. അന്ന് മൂന്ന് ഐ.പി ബ്‌ളോക്കുകളിൽ ഒന്നുമാത്രമേ പൂർത്തീകരിച്ചിരുന്നുള്ളു. ഇവ പൂർത്തീകരിച്ചെങ്കിലും പേവാർഡിന്റെ മുറികൾ ഒഴിഞ്ഞുകിട്ടിയില്ല. മൂന്നാം നില നേത്രരോഗ വിഭാഗത്തിനും (വാർഡ്-11) നാലാം നില അസ്ഥിരോഗ വിഭാഗത്തിനും (വാർഡ്-12) വിട്ടുകൊടുത്തു. ഇപ്പോൾ നേത്രരോഗ വിഭാഗം കൊവിഡ് രോഗികൾക്കും അസ്ഥിരോഗ വിഭാഗം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാർക്ക് ക്വാറന്റൈനും ജീവനക്കാരായ കൊവിഡ് രോഗികൾക്കു വേണ്ടിയുമാണ് ഉപയോഗിക്കുന്നത്.

പേവാർഡ് ഇങ്ങനെ

 4.86 കോടി: അനുവദിച്ച തുക

 5: ആകെ നിലകളുടെ എണ്ണം

 3: ആദ്യഘട്ടം നിർമ്മിക്കുന്ന നിലകൾ

 65: ആകെ മുറികളുടെ എണ്ണം

 39: ആദ്യഘട്ടം നിർമ്മിക്കുന്ന മുറികൾ

മണ്ണു പരിശോധനാ റിപ്പോർട്ടിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ ടെൻർ വിളിച്ച് കരാർ ഉറപ്പിച്ച് പൈലിംഗ് ജോലികൾ ആരംഭിക്കും. കൊവിഡിന്റെ രണ്ടാം വരവ് റിപ്പോർട്ടിന് അംഗീകാരം ലഭിക്കാൻ തടസമായി

പൊതുമരാമത്ത് വകുപ്പ് അധികൃതർ

Advertisement
Advertisement