ലോക്ഡൗൺ ഇളവിൽ ആളുകൾ പുറത്തേക്ക് മദ്യശാലകൾക്ക് മുന്നിൽ നീണ്ട നിര

Friday 18 June 2021 1:06 AM IST

തൃശൂർ : ലോക് ഡൗൺ ഇളവ് ലഭിച്ചതോടെ പൊതുഗതാഗതം ഉൾപ്പെടെ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് നൽകിയത്. എ, ബി, സി, ഡി കാറ്റഗറിയായി തിരിച്ചാണ് ഇളവ് നൽകിയത്. സ്വകാര്യബസുകളും മറ്റും നിരത്തുകളിൽ ഇറങ്ങിയത് നാമമാത്രമാണ്. സർവീസ് നടത്തിയവയിൽ തന്നെ യാത്രക്കാരുടെ എണ്ണവും തീരെ കുറവായിരുന്നു.

നഗരത്തിൽ ഇന്നലെ രാവിലെ മുതൽ തന്നെ ഓട്ടോ സ്റ്റാൻഡും മറ്റും സജീവമായിരുന്നു. പക്ഷേ കോർപറേഷൻ പരിധിയിൽ ഭാഗിക ലോക് ഡൗൺ നിലയ്ക്കുന്നതിനാൽ കടകൾ പൂർണ്ണമായി തുറന്ന് പ്രവർത്തിച്ചില്ല. ഹോട്ടലുകളിൽ നിന്നും മറ്റും പാഴ്‌സൽ മാത്രമാണ് നൽകിയിരുന്നത്. നിലവിൽ ജില്ലയിൽ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും 30 ശതമാനത്തിൽ കൂടുതൽ രോഗബാധ ഇല്ല.

അതേസമയം രോഗ വ്യാപനം കൂടുതലുള്ള സി കാറ്റഗറിയിൽ ഉൾപ്പെട്ട 15 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇവിടെ ലോക് ഡൗൺ നിയന്ത്രണം തുടരും. തിരുവില്വാമല, മേലൂർ, കടപ്പുറം, കാട്ടൂർ, നടത്തറ, കടങ്ങോട്, നെന്മണിക്കര, കയ്പ്പമംഗലം, എളവള്ളി, പെരിഞ്ഞനം, ചാഴൂർ, എരുമപ്പെട്ടി, വെള്ളാങ്കല്ലൂർ, ചേലക്കര, കോടശേരി എന്നിവിടങ്ങളിൽ മദ്യശാലകൾ ഉൾപ്പെടെ തുറക്കാൻ അനുവദിച്ചില്ല.

കണ്ടെയ്ൻമെന്റ് സോണുകളായ സ്ഥലങ്ങളിലും നിയന്ത്രണം തുടരുകയാണ്. നിയന്ത്രണം കുറവുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടില്ല. 20 മുതൽ 30 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കാണ് കണക്കാക്കുന്നത്. എട്ട് ശതമാനത്തിൽ താഴെ ടി. പി. ആർ നിരക്കുള്ള എ കാറ്റഗറിയിൽപെട്ട 9 പഞ്ചായത്തുകളും ഉൾപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ 8 നും 20 ശതമാനത്തിൽ താഴെ ടി. പി. ആർ നിരക്കുള്ള ബി വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. അവിടെയെല്ലാം ഭാഗിക ലോക്ഡൗണാണ് തുടരുന്നത്.

മദ്യശാലകൾക്ക് മുന്നിൽ നീണ്ടനിര

ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന നിരവധി സ്ഥാപനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ തുറന്നതിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ബിവറേജ് കോർപറേഷന്റെ ഔട്ട് ലെറ്റുകൾക്ക് മുന്നിലായിരുന്നു. രാവിലെ മുതൽ തന്നെ എല്ലാ ഷോപ്പുകൾക്ക് മുന്നിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. നിരവധി നാൾ പൂട്ടിക്കിടന്നിരുന്നത് മൂലം അണുനശീകരണം നടത്തിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. അതേസമയം ബാറുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എരുമപ്പെട്ടിയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന ബാർ സെക്ടറൽ മജിസ്‌ട്രേറ്റെത്തി അടപ്പിച്ചു. ബാറുകളിലും മറ്റും ഇരുന്ന് മദ്യപിക്കാൻ അനുവാദമില്ല.


തടഞ്ഞ് നിറുത്തിയുള്ള പരിശോധന കുറഞ്ഞു

ഇളവുകൾ നൽകിയതോടെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ബൈക്കുകൾ ഉൾപ്പെടെയുള്ളവ തടഞ്ഞ് നിറുത്തിയുള്ള പരിശോധന കുറഞ്ഞു. അതേസമയം നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുന്നുണ്ട്. സ്വരാജ് റൗണ്ടിനുള്ളിലുള്ളവർ രണ്ട് ചെക്ക് പോസ്റ്റുകളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പകൽ പരിശോധന കുറവായിരുന്നു.

Advertisement
Advertisement