കരാറുകാരുടെ വടംവലികളും പാരയാകുന്നു : പൊതുവിതരണത്തിന് ഇടങ്കോലിടാൻ വ്യാജപരാതി ?

Friday 18 June 2021 1:57 AM IST

തൃശൂർ: പൊതുവിതരണ മേഖലയെ അട്ടിമറിക്കും വിധത്തിൽ വ്യാജ പരാതികളും കരാറുകാർ തമ്മിലുള്ള വടംവലിയും കൂടുന്നു. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും കൊണ്ടുപോകുന്ന ഭക്ഷ്യധാന്യങ്ങൾ കീറിയ ചാക്കുകളിൽ കൊണ്ടുവന്ന് ഭക്ഷ്യധാന്യം നഷ്ടമാക്കുന്നുവെന്ന പരാതികൾക്ക് പിന്നിൽ ഈ തർക്കങ്ങളാണെന്നാണ് സൂചന. റേഷൻകടകളിലൂടെ വിതരണം ചെയ്യാനുള്ള 5,000 മെട്രിക് ടണ്ണോളം അരിയും നാല് മാസത്തേക്കുള്ള ഗോതമ്പും എത്തിക്കഴിഞ്ഞു.

ഇതിൽ നാലോ അഞ്ചോ ചാക്ക് മാത്രമാണ് പൊട്ടുന്നത്. അത് പലപ്പോഴും ഹുക്ക് കൊണ്ട് കീറുന്നതാണെന്നും തൊഴിലാളികൾ പറയുന്നു. ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യം ഗുണനിലവാരം പരിശോധിച്ച ശേഷം മാത്രമേ നൽകാറുള്ളൂവെന്ന് സപ്ലൈ വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു. ഇത്തരമൊരു പരാതിയിൽ മുളങ്കുന്നത്തുകാവ് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണിൽ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം വി. രമേശൻ വ്യക്തമാക്കി. അതേ സമയം, ധാന്യങ്ങൾ റേഷൻ കടകളിൽ കീറിയ ചാക്കുകളിലാണോ എത്തുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി. ഐ ഗോഡൗണുകളിൽ നിന്ന് നേരിട്ട് റേഷൻ കടകളിലേക്ക് ഭക്ഷ്യ ധാന്യം നേരിട്ട് കൊണ്ടു പോകുന്നുവെന്നത് സംബന്ധിച്ച് സപ്ലൈ ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 100 ക്വിന്റൽ അരി ഒരു ട്രക്കിൽ കയറ്റി എൻ.എഫ്.എസ്.എ ഗോഡൗണിലേക്കെത്തിയാൽ ചുരുങ്ങിയത് 150 കിലോ അരി ട്രക്കിൽ നിന്നും അടിച്ചുവാരി എടുക്കേണ്ട ഗതികേടാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

വാതിൽപടി കരാർ : റീടെൻഡർ ചുവപ്പുനാടയിൽ

റേഷൻ വിതരണ, വാതിൽപടി ഗതാഗത കരാർ നടപടികൾ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുകയാണ്. എല്ലാ ജില്ലകളിലും പുതിയ ഗതാഗത കരാർ നിലവിൽ വന്നെങ്കിലും ജില്ലയിൽ മാത്രം താത്കാലിക കരാറാണ്. കഴിഞ്ഞ മൂന്നു വർഷമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് കരാർ നൽകിയത്. പുതിയ കരാർ നടപടികളിൽ ബിനാമികൾക്ക് ആക്ഷേപമെന്ന് ആരോപണം വന്നതോടെ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഒരാൾ ഹർജി ഹർജി നൽകി. ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി റീ ടെൻഡർ വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇഴയുകയാണ്. വിളിക്കാനിരിക്കുന്ന ടെൻഡർ നടപടികളിൽ നിന്നും ആരോപണ വിധേയനെയും ബിനാമികളെയും ഒഴിവാക്കുന്നതിൽ വെള്ളം ചേർക്കുകയാണ് ലക്ഷ്യമെന്നാണ് ഇതര കരാറുകരുടെ ആരോപണം.


സെർവർ തകരാർ

ജില്ലയിലെ റേഷൻ വിതരണം സെർവർ തകരാറിലായതിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം തടസപ്പെട്ടു. തുടർന്ന് ഉച്ചയോടെയാണ് പുന:സ്ഥാപിച്ചത്. ഇതേത്തുടർന്ന് റേഷൻ വാങ്ങാനെത്തിയ നിരവധി പേർക്ക് മടങ്ങിപ്പോകേണ്ടി വന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നെറ്റ് തകറാർ മൂലം ഒ.ടി.പി നമ്പർ ലഭിക്കാനും ഏറെ നേരം കാത്ത് നിൽക്കേണ്ട അവസ്ഥ ഉണ്ടായി.

Advertisement
Advertisement